തിരുവനന്തപുരം
കെഎസ്ഇബി ഫിക്സഡ്, ഡിമാൻഡ് ചാർജിനത്തിൽ വാണിജ്യ, വ്യവസായ, സിനിമാ മേഖലകൾക്ക് നൽകുന്നത് 25 കോടിയുടെ ഇളവ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച ആശ്വാസ പദ്ധതി പ്രകാരമാണിത്. വാണിജ്യ, വ്യാവസായ ഉപയോക്താക്കൾക്ക് മെയ് മാസത്തെ ഫിക്സഡ്, ഡിമാൻഡ് ചാർജിൽ 25 ശതമാനമാണ് ഇളവ്. പ്രാഥമിക കണക്കുകൾ പ്രകാരം വാണിജ്യ മേഖലയിൽ 16,06450 പേരും വ്യവസായത്തിൽ 1, 46028പേരും ഗുണഭോക്താക്കളാകും. വാണിജ്യത്തിൽ 11.2 കോടിയുടെയും വ്യവസായത്തിൽ 12.9 കോടി രൂപയുടെയും ഇളവ് ലഭിക്കും. 484 സിനിമാ തിയറ്ററിനും പ്രയോജനം ലഭിക്കും. തിയറ്ററുകൾക്ക് മെയ് മാസത്തെ ഫിക്സഡ് , ഡിമാൻഡ് ചാർജിൽ 50 ശതമാനം ഇളവ് നൽകും. ഇത് കഴിച്ചുള്ള തുക അടയ്ക്കാൻ സെപ്തംബർ 30വരെ പലിശ രഹിതമായി മൂന്നു തവണ അനുവദിച്ചിട്ടുണ്ട്. ഇതിനകം ബിൽ തുക ഭാഗികമായോ പൂർണമായോ അടച്ചിട്ടുണ്ടെങ്കിൽ തുടർന്നുള്ള ബില്ലുകളിൽ ക്രമപ്പെടുത്തി നൽകും.
സൗജന്യ വൈദ്യുതി: അർഹരെ കണ്ടെത്തും
സൗജന്യ വൈദ്യുതിക്ക് അർഹതയുള്ള ഗുണഭോക്താക്കളെ കെഎസ്ഇബി കണ്ടെത്തും. ഇതിനായി ഉപയോക്താക്കൾ കെഎസ്ഇബിയെ സമീപിക്കേണ്ടതില്ല. 500 വാട്സ് വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസ ഉപയോഗം 30യൂണിറ്റ് വരെയുള്ള ഗാർഹിക ഉപയോക്താക്കൾക്കാണ് സർക്കാർ സബ്സിഡിയോടെയുള്ള സൗജന്യ വൈദ്യുതി പദ്ധതി. 1000 വാട്സ് വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗമുള്ള ബിപിഎൽ വിഭാഗത്തിലെ ഉപയോക്താക്കൾക്കും യൂണിറ്റൊന്നിന് 1.50 രൂപയെന്ന നിരക്ക് അനുവദിക്കും. ഇതിനർഹതയുള്ളവരേയും കെഎസ്ഇബി തെരഞ്ഞെടുക്കും.