തൃശൂർ
ചെക്ക് റിപ്പബ്ലിക്കിലെ ചെസ് ഇതിഹാസം ഡേവിഡ് നവാരയ്ക്കെതിരെ പ്രധാനമന്ത്രി ആന്ദ്രെയ് ബാബിഷ് ചെക്ക് വച്ചു. തോൽവിക്കും ജയത്തിനുമപ്പുറം ആ ചെക്ക് മേറ്റ്സും ചെസ് മേറ്റ്സും കടന്ന് മഹാമാരിയോട് പൊരുതുന്ന കേരള മേറ്റ്സായി. എങ്ങനെയെന്നല്ലേ… ഈ മത്സരവരുമാനം കേരളത്തിന്റെ വാക്സിൻ ചലഞ്ചിലേക്കാണ് കടൽകടന്ന് എത്തുന്നത്. ലോക മാനവനന്മയുടെ തിളക്കമുള്ള കരുനീക്കം.
കേരളവുമായി ആത്മബന്ധമുള്ള ചെക്കിലെ ചെസ് സംഘാടകൻ പാവൽ മറ്റോച്ചയാണ് പ്രാഗിൽ ഡേവിഡ് നവാരയുടെ ചാരിറ്റി സൈമൾട്ടേനിയസ് മത്സരം സംഘടിപ്പിച്ചത്. 10 തവണ ദേശീയ കിരീടംചൂടിയ താരമാണ് നവാര. 20 താരങ്ങളുമായി ഒരേ സമയമായിരുന്നു നവാരയുടെ കരുനീക്കം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ നവാരയ്ക്കെതിരെ മത്സരിക്കാൻ ചെക്ക് പ്രധാനമന്ത്രി നേരിട്ടെത്തിയത് ലോകചരിത്രമായി. ചെക്കിലെ ഇന്ത്യൻ ഹൈക്കമീഷണർ ഹേമന്ത് കോത്തൽവാർ, ചെക്ക് മുൻ മന്ത്രി റോമൻ പ്രിമൂല, പാർലമെന്റ് അംഗം പാട്രിക്നാച്ചർ, മോട്ടോർപാൽ കമ്പനി ചെയർമാൻ റാഡിംവലാസ് തുടങ്ങിയവരും ഉൾപ്പെട്ടിരുന്നു.
മത്സരംവഴി ലഭിക്കുന്ന തുക കേരളത്തിന്റെ വാക്സിൻ ചലഞ്ചിന് കൈമാറാമെന്ന് സംഘാടകൻ പാവൽ അറിയിച്ചതായി ചെസ് കേരള പ്രസിഡന്റ് ഒളിമ്പ്യൻ ഡോ. എൻ ആർ അനിൽകുമാർ പറഞ്ഞു. ചെക്ക് പ്രധാനമന്ത്രി മത്സരിച്ച വിവരം ഇന്ത്യൻ ഹൈക്കമീഷണർ നേരിട്ട് അറിയിച്ചതോടെ സന്തോഷം അതിരുകടന്നതായും അദ്ദേഹം പറഞ്ഞു.
ചെസ് കേരള തുടങ്ങിവച്ച കോവിഡ് വാക്സിൻ ചലഞ്ചാണ് ലോകത്തോളം ഉയർന്നത്. മത്സരാർഥികൾ വാക്സിൻ തുകയുടെ ഗുണിതങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നായിരുന്നു നിർദേശം. ഈ ഓൺലൈൻ മത്സരത്തിൽ ചെക്കിൽനിന്ന് പാവൽ മറ്റോച്ചയും പങ്കെടുത്തിരുന്നു. പത്ത് വാക്സിൻ തുക 3000 രൂപയും സംഭാവന ചെയ്തു. മൊത്തം മൂന്നരലക്ഷത്തോളം സംഭാവന നൽകി. ചെസ് കേരളയുടെ ‘ചെസ് ഹൗസ് ബോട്ട് 2020’ ലും പാവൽ പങ്കെടുത്തിരുന്നു. പാവലിന്റെ നേതൃത്വത്തിൽ യൂറോപ്പിലെ അഞ്ച് നഗരത്തെ ബന്ധിപ്പിച്ച് ഓടുന്ന തീവണ്ടിയിൽ സംഘടിപ്പിച്ച ചെസ് മത്സരത്തിൽ ചെസ് ഒളിമ്പ്യൻകൂടിയായ എൻ ആർ അനിൽകുമാറും പങ്കെടുത്തിരുന്നു. ചെക്കും കേരളവുമായുള്ള ചെസിലെ സ്നേഹബന്ധം അവിടംകൊണ്ട് അവസാനിച്ചില്ല. മഹാമാരിക്കാലത്ത് കരുണയുടെ കരുനീക്കമായി മാറി.