തിരുവനന്തപുരം
വാക്സിനേഷൻ പൂർത്തിയാക്കി തെരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറക്കുമെന്ന് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വീണ ജോർജും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാർ, റിസോർട്ട്, ഹോം സ്റ്റേ ജീവനക്കാർ, ടൂറിസ്റ്റ് ഗൈഡുമാർ, ടാക്സി ഡ്രൈവർമാർ, കട ഉടമകൾ, ബോട്ട് ജീവനക്കാർ എന്നിവർക്ക് വാക്സിൻ നൽകും. സീസൺ ആരംഭിക്കാനിരിക്കുന്ന വിനോദകേന്ദ്രങ്ങൾക്ക് പ്രാധാന്യം നൽകും. ആരോഗ്യ, ടൂറിസം വകുപ്പുകൾ സംയുക്തമായാണ് വാക്സിനേഷൻ പൂർത്തിയാക്കുക. ഒരു ജില്ലയിൽ രണ്ടു വീതം കേന്ദ്രം തുറക്കും.
വയനാടിന് പ്രത്യേക പരിഗണന നൽകും. വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിൽ വാക്സിനേഷന് തയ്യാറെടുപ്പ് തുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ ഇവിടെ വാക്സിനേഷൻ പൂർത്തിയാക്കും. മൂന്നാർ, തേക്കടി, ഫോർട്ട് കൊച്ചി, കുമരകം, കോവളം, വർക്കല എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും വാക്സിൻ നൽകും. കുമരകത്ത് തുടങ്ങി. മറ്റു ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും വിവിധ ഘട്ടങ്ങളിലായി വാക്സിൻ നൽകും. ഇതിന് ടൂറിസം വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കി. മുൻഗണനാ വിഭാഗക്കാരുടെ പട്ടികയും തയ്യാറാക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. ഹോട്ടൽ, റെസ്റ്റോറന്റ് ജീവനക്കാരെ നേരത്തെതന്നെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 15 ലക്ഷത്തോളം പേർ സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
വരുന്നു “ഡെസ്റ്റിനേഷൻ കണക്ടിവിറ്റി’
പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കണക്ടിവിറ്റി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാ പഞ്ചായത്തിലും ഒന്നിൽകുറയാത്ത വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ടാകും. പ്രകൃതി, സംസ്കാരം, വ്യത്യസ്ത ജീവിത രീതി തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതി. ഇതിനായി “ഡെസ്റ്റിനേഷൻ ഭൂപടം’ തയാറാക്കുന്ന തിരക്കിലാണ് വിനോദ സഞ്ചാര വകുപ്പ്. ഇതിലൂടെ ജില്ലകളിലെ ആഭ്യന്തര ടൂറിസത്തെ കൂടുതൽ മെച്ചപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.