കൽപ്പറ്റ
വയനാട് മുട്ടിൽ സൗത്ത് വില്ലേജിലെ ഈട്ടിത്തടികൾ മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് വനം വകുപ്പ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഇ പി ശ്രീജിത്ത് എന്നിവരെയാണ് ഉത്തരമേഖലാ സിസിഎഫ് ഡി കെ വിനോദ്കുമാർ സസ്പെൻഡ് ചെയ്തത്. പ്രതികളായ റോജി അഗസ്തിനും ആന്റോ അഗസ്തിനും അനധികൃതമായി മുറിച്ച് കടത്തിയ 54 കഷ്ണം ഈട്ടിത്തടികൾ ലക്കിടി ചെക്ക് പോസ്റ്റിൽ പരിശോധനയില്ലാതെ കടത്തിവിട്ടതിനാണ് നടപടി.
മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമിയിൽനിന്ന് അനധികൃതായി മുറിച്ച ഈട്ടി മരത്തടികൾ ഫെബ്രുവരി മൂന്നിനാണ് പെരുമ്പാവൂരിലേക്ക് കടത്തിയത്. മരത്തടികൾ കൊണ്ടുപോകുമ്പോൾ വനംവകുപ്പിന്റെ പാസ് (ഫോം രണ്ട്) വേണം. ഈ പാസ് പരിശോധിക്കാതെയാണ് ജീവനക്കാർ ചെക്ക് പോസ്റ്റ് കടത്തിവിട്ടത്. രേഖകളില്ലാതെ തടികളെത്തിയെന്ന് തടി മിൽ ഉടമ സൗത്ത് വയനാട് ഡിഎഫ്ഒയെ വിളിച്ചറിയിച്ചു. തുടർന്ന് ഫെബ്രുവരി എട്ടിന് റേഞ്ച് ഓഫീസർ എം കെ സമീർ പെരുമ്പാവൂരിലെത്തി തടികൾ പിടിച്ചെടുത്ത് കുപ്പാടി ഡിപ്പോയിലെത്തിച്ചു. ഇവ സർക്കാരിലേക്ക് കണ്ടുകെട്ടുന്ന നടപടി പുരോഗമിക്കുകയാണ്.