കൊൽക്കത്ത
വ്യാജ വാക്സിനേഷൻ ക്യാമ്പുമായി ബന്ധപ്പെട്ട കേസിൽ മമത സർക്കാരിനും കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനും കൊൽക്കത്ത ഹൈക്കോടതിയുടെ രൂക്ഷ വിമർശം. ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് നടത്തിയത് ഗുരുതര കബളിപ്പിക്കലാണെന്നും ഉത്തരവാദിത്തത്തിൽനിന്ന് സർക്കാരിനും കോർപറേഷനും ഒഴിയാനാകില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ പറഞ്ഞു. വ്യാജ കുത്തിവയ്പുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ജൂലൈ രണ്ടിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാണം. നീല ബീക്കൺ ലൈറ്റും സർക്കാർ നെയിം പ്ലേറ്റുമുള്ള വാഹനത്തിൽ തട്ടിപ്പുകാരൻ സഞ്ചരിച്ചത് ആശ്ചര്യമാണ്. കോർപറേഷന്റെ ജോയിന്റ് കമീഷണർ ചമഞ്ഞ് ഒരാൾ സർക്കാർ സ്ഥാപനങ്ങളിൽ കറങ്ങിയപ്പോൾ കമീഷണർ എന്തു ചെയ്യുകയായിരുന്നെന്ന് കോടതി ചോദിച്ചു. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആവശ്യപ്പെട്ടു.
തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടിയും എല്ലാവർക്കും സൗജന്യ വാക്സിനും ആവശ്യപ്പെട്ട് ഇടതുമുന്നണിയും വിദ്യാർഥി യുവജന മഹിളാ സംഘടനകളും നടത്തുന്ന പ്രക്ഷോഭം തുടരുകയാണ്.