ഓസ്‌ട്രേലിയയിലും, ഇന്ത്യയിലും ഡിജിറ്റൽ തട്ടിപ്പുകൾക്ക് കോവിഡ് കാലത്ത് ആക്കം കൂടുന്നു.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓൺലൈൻ പണം ഇടപാടുകൾ കൂടിയതോടെ രാജ്യത്ത് ഡിജിറ്റൽ സാമ്പത്തികത്തട്ടിപ്പുകളും കൂടുന്നു. 2020ലെ അവസാന നാലുമാസങ്ങളെ അപേക്ഷിച്ച് ഈവർഷം മെയ് വരെ ഡിജിറ്റൽ തട്ടിപ്പുശ്രമങ്ങളിൽ 88 ശതമാനം വർധനയുണ്ടായെന്ന് ധനകാര്യ സേവനമേഖലയിൽ പ്രവർത്തിക്കുന്ന ട്രാൻസ് യൂണിയൻ നടത്തിയ പഠനത്തിൽ പറയുന്നു. ആഗോളതലത്തിൽ സാമ്പത്തിക സേവന തട്ടിപ്പിൽ 149 ശതമാനമാണ് വർധന. രാജ്യത്തെ ടെലികോം മേഖലയിൽ 18.54 ശതമാനവും യാത്രാമേഖലയിൽ 11.57 ശതമാനവും തട്ടിപ്പുശ്രമങ്ങൾ വർധിച്ചു.
ആഗോളതലത്തിൽ 40,000 വെബ്സൈറ്റുകളിലും ആപ്പുകളിലും നടന്ന കോടിക്കണക്കിന് ഇടപാടുകൾ വിശകലനം ചെയ്താണ് ഈ പഠന റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടക്കുന്ന സാമ്പത്തിക സേവന മേഖലയിലാണ് ഡിജിറ്റൽ തട്ടിപ്പ് കൂടുതലും നടക്കുന്നതെന്നും ട്രാൻസ് യൂണിയൻ ഇന്ത്യയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷലീൻ ശ്രീവാസ്തവ പറഞ്ഞു. രഹസ്യവിവരങ്ങൾ ചോർത്തുന്ന സോഫ്റ്റ്വെയറുകൾ, അപരിചിതവും സുരക്ഷിതമല്ലാത്തതുമായ ലിങ്കുകളിലൂടെയുള്ള ബാങ്ക് ഇടപാടുകൾ, വിശ്വാസ്യതയില്ലാത്ത ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ തുടങ്ങിയവയിലൂടെയാണ് ഡിജിറ്റിൽ സാമ്പത്തികത്തട്ടിപ്പുകൾ ഏറെയും. ഒടിപി, പാസ്വേർഡ്, പിൻനമ്പർ തുടങ്ങിയവ പങ്കുവയ്ക്കുന്നതിലൂടെയുള്ള തട്ടിപ്പും വർധിച്ചിട്ടുണ്ട്.