ലണ്ടൻ
‘ഈ കളം എന്റെ ലോകമാണ്. ഇവിടെ ഈ റാക്കറ്റുമേന്തി നിൽക്കുമ്പോൾ ഞാൻ പൂർണതയിലെത്തും. സ്നേഹംമാത്രം സമ്മാനിച്ച ആരാധകർക്ക് നന്ദി’– വിതുമ്പലോടെയായിരുന്നു സെറീന വില്യംസ് സംസാരിച്ചത്. എന്നും നല്ല ഓർമകൾമാത്രം നൽകിയ സെന്റർ കോർട്ടിൽനിന്ന് കണ്ണീരോടെ മുപ്പത്തൊമ്പതുകാരി മടങ്ങി. വിംബിൾഡണിലെ ആദ്യറൗണ്ട് കളിക്കിടെ പരിക്കേറ്റാണ് ഏഴുതവണ കിരീടം ചൂടിയ സെറീന പിന്മാറിയത്. 24–-ാം ഗ്രാൻഡ് സ്ലാം എന്ന അമേരിക്കക്കാരിയുടെ സ്വപ്നം പതുക്കെ വഴുതുകയാണ്. ഈ സെപ്തംബറിൽ പ്രായം നാൽപ്പതാകും. ഇനിയൊരു തിരിച്ചുവരവ് കഠിനമാണ്.
വിംബിൾഡണിൽ ബെലാറസിന്റെ അലിയാക്സാൻഡ്ര സാൻസോവിച്ചുമായുള്ള മത്സരത്തിലാണ് സെറീനയ്ക്ക് പരിക്കേറ്റത്. ആദ്യസെറ്റിൽ കളി 3–-3 എന്ന നിലയിലായിരുന്നു. അഞ്ചാംഗെയിമിൽ കോർട്ടിൽ വീണ സെറീനയുടെ വലത് തുടയെല്ലിന് പരിക്കേറ്റത്. ഏഴാംഗെയിമിന് ഒരുങ്ങവേ മുപ്പത്തൊമ്പതുകാരി പിൻവാങ്ങി. ഗ്രാൻഡ് സ്ലാം നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം മാർഗരെറ്റ് കോർട്ടിന് ഒപ്പമെത്താനാണ് സെറീനയുടെ ശ്രമം. മകൾക്ക് ജന്മം നൽകിയതിനുപിന്നാലെ മൂന്നുവർഷം മുമ്പാണ് കളത്തിൽ തിരിച്ചെത്തിയത്. പിന്നീട് നാല് ഫൈനലുകളിൽ തോറ്റു. ടോക്യോ ഒളിമ്പിക്സിന് ഇല്ലെന്ന് സെറീന പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്തിലെ യുഎസ് ഓപ്പണിലാകും ഇനി സെറീനയുടെ നോട്ടം.
പുരുഷവിഭാഗത്തിൽ റോജർ ഫെഡറർ രണ്ടാംറൗണ്ടിൽ കടന്നു. ഫ്രാൻസിന്റെ ആഡ്രിയാൻ മനാറിനോ പരിക്കേറ്റ് പിന്മാറിയതാണ് ഫെഡററെ തുണച്ചത്. കടുത്ത മത്സരമായിരുന്നു. 6––4 6-–-7 (3––7) 3-–-6, 4-–-2 എന്നനിലയിലായിരുന്നു സ്കോർ. നിലവിലെ ചാമ്പ്യൻ നൊവാക് ജൊകോവിച്ചും മുന്നേറി. വനിതകളിൽ ആഷ്ലി ബാർടി, വീനസ് വില്യംസ്, കോകോ ഗഫ് എന്നിവർ രണ്ടാംറൗണ്ടിലെത്തി. അഞ്ചാം സീഡ് ബിയാൻക ആൻഡ്രെസ്കു പുറത്തായി.