ലണ്ടൻ
ജർമനിയുടെ പരിശീലകനായി ഇനി ജോക്വിം ലോ ഇല്ല. വെംബ്ലിയിലെ കയ്പ്പേറിയ തോൽവിയോടെ 15 വർഷത്തെ വേഷം അറുപത്തൊന്നുകാരൻ അഴിച്ചു. ഒന്നരപ്പതിറ്റാണ്ടിൽ ലോകഫുട്ബോളിൽ ജർമനിയെ ഉയരങ്ങളിൽ എത്തിച്ചാണ് മടക്കം.
2014 ലോകകപ്പ് കിരീടം ഉൾപ്പെടെ ജർമനിക്ക് ഒട്ടേറെ സുവർണനിമിഷങ്ങൾ സമ്മാനിച്ച പരിശീലകൻ പക്ഷേ, മാപ്പ് പറഞ്ഞാണ് പടിയിറങ്ങിയത്. ‘ഈ നിമിഷം നിരാശ മാത്രമാണ്. ജർമൻ ആരാധകരേ മാപ്പ്’–-ലോ പറഞ്ഞു. ചിരവൈരികളായ ഇംഗ്ലണ്ടിനെതിരെ യൂറോ പ്രീ ക്വാർട്ടറിൽ രണ്ട് ഗോളിനാണ് ലോയും സംഘവും വീണത്.
2004ൽ യുർഗൻ ക്ലിൻസ്മാന്റെ സഹായിയായാണ് ലോ ജർമൻ പരിശീലക സംഘത്തിൽ എത്തിയത്. 2006 മുതൽ മുഖ്യചുമതല ഏറ്റെടുത്തു. 2006, 2010 ലോകകപ്പുകളിൽ ടീമിനെ മൂന്നാമത് എത്തിച്ചു. 2014ൽ കിരീടവും. സെമിയിൽ ബ്രസീലിനെതിരെ നേടിയ 7–-1ന്റെ ജയം പരിശീലക ജീവിതത്തിലെ തിളങ്ങുന്ന അധ്യായമായി. മികവുള്ള യുവാക്കളെ കണ്ടെത്തി അവസരം നൽകിയതായിരുന്നു ലോയുടെ വിജയമരുന്ന്. എന്നാൽ 2017 കോൺഫെഡറേഷൻ കപ്പ് വിജയത്തിനുശേഷം ജർമനി കിതച്ചു. ലോ വളർത്തിയെടുത്ത താരങ്ങൾക്കെല്ലാം പ്രായമായി. 2018 ലോകകപ്പിൽ ഏറ്റവും അവസാനക്കാരായി ഗ്രൂപ്പുഘട്ടത്തിൽ ജർമനി പുറത്തായി. ചരിത്രത്തിൽ ആദ്യമായാണ് പ്രധാന ടൂർണമെന്റിൽ നോക്കൗട്ട് ഘട്ടം കടക്കാതെ പോയത്. ഈ യൂറോയിൽ പുതിയ പ്രതീക്ഷയുമായാണ് ലോയുടെ ജർമനി എത്തിയത്. പക്ഷേ വീണു. ബയേൺ മ്യൂണിക്കിന്റെ പരിശീലകനായിരുന്ന ഹാൻസ് ഫ്ലിക്കാണ് ലോയുടെ പിൻഗാമി.
‘വിരമിക്കലിനെപ്പറ്റി ഒരിക്കലും ചിന്തിച്ചിട്ടില്ല. ത്രസിപ്പിക്കുന്ന പുതിയ വെല്ലുവിളികൾ എന്റെ മുന്നിലുണ്ട്’–-ഇനിയെന്ത് എന്ന ചോദ്യത്തിന് ലോ നൽകിയ ഉത്തരം. ക്ലബ് ഫുട്ബോളിലേക്കാകും ചുവടുമാറുക.