സെന്റ് പീറ്റേഴ്സ് ബർഗ്
യൂറോ കപ്പിൽ ഇനി അവസാന എട്ടിലെ കളികൾ. നാളെമുതൽ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകും. ആദ്യ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡും സ്പെയ്നും ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തിൽ ബൽജിയവും ഇറ്റലിയുമാണ് മുഖാമുഖം വരിക. മൂന്നിന് ചെക്ക് റിപ്പബ്ലിക്ക് ഡെൻമാർക്കിനെയും ഇംഗ്ലണ്ട് ഉക്രെയ്നെയും നേരിടും . ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്താണ് സ്വിസ് മുന്നേറിയത്. അധികസമയക്കളി 3–-3ന് അവസാനിച്ചതോടെ ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു. ഷൂട്ടൗട്ടിൽ 5–-4ന്റെ ജയം.
സ്പെയ്ൻ പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയെ അധികസമയക്കളിയിൽ 5–-3ന് മറികടന്നു.
നെതർലൻഡ്സിനെ അട്ടിമറിച്ചാണ് ചെക്കിന്റെ കുതിപ്പ്. യൂറോയുടെ കറുത്ത കുതിരകളായ ഡെൻമാർക്ക് പ്രീ ക്വാർട്ടറിൽ വെയ്ൽസിനെ തകർത്തു. മുൻ ചാമ്പ്യൻമാരായ ജർമനിയെ രണ്ട് ഗോളിന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന എട്ടിൽ ഇടംപിടിച്ചത്. ഉക്രെയ്ൻ പ്രീ ക്വാർട്ടറിലെ അധികസമയക്കളിയിൽ സ്വീഡനെ വീഴ്ത്തി. നിശ്ചിത സമയത്ത് 1–-1 ആയിരുന്നു ഫലം.
അധികസമയത്തിന്റെ അവസാന നിമിഷം ആർടെം ഡോവ്ബിക്ക് ഉക്രെയ്ന്റെ വിജയശിൽപ്പിയായി. യൂറോ സെമി മത്സരങ്ങൾ ഈ മാസം ആറിനും ഏഴിനുമാണ്. ഒന്നാം ക്വാർട്ടർ മത്സരത്തിലെ ജേതാക്കളും രണ്ടാം ക്വാർട്ടറിലെ ജേതാക്കളും തമ്മിലാണ് ആദ്യ സെമി. മൂന്നും നാലും ക്വാർട്ടർ ഫൈനൽ ജേതാക്കൾ തമ്മിൽ രണ്ടാം സെമി. 11ന് വെംബ്ലിയിലാണ് ഫൈനൽ.