ന്യൂഡൽഹി
ഞായറാഴ്ച വിരമിക്കുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അശോക് ഭൂഷണ് യാത്രയയപ്പ് നൽകി. കോവിഡ് ബാധിച്ചുമരിച്ച അമ്മയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അശോക് ഭൂഷൺ വ്യാഴാഴ്ച അലഹബാദിലേക്ക് തിരിക്കും. അതുകൊണ്ട്, ബുധനാഴ്ച സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനമായി. ഉത്തർപ്രദേശ് ജോൻപുർ സ്വദേശിയായ അശോക് ഭൂഷൺ 1979ൽ നിയമബിരുദം നേടി. 20 വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തശേഷം 2001ൽ അലഹബാദ് ഹൈക്കോടതി സ്ഥിരം ജഡ്ജിയായി.
2015 മാർച്ചിൽ കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസായി. 2016 മേയിൽ സുപ്രീംകോടതി ജഡ്ജിയായി. അവസാന പ്രവൃത്തിദിനത്തിൽ കോവിഡ് ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിച്ചുള്ള പ്രധാന ഉത്തരവ് പുറപ്പെടുവിച്ചു.