ന്യൂഡൽഹി
വ്യോമതാവളത്തിലെ ബോംബിടലിനുശേഷവും ജമ്മുവിൽ ഡ്രോണുകൾ നിർബാധം പറക്കുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി ജമ്മു നഗരത്തിനു സമീപം മൂന്നിടത്ത് ഡ്രോണുകൾ വട്ടമിട്ട് പറന്നു. അതിർത്തി കടന്നെത്തുന്ന ഡ്രോണുകളെ നിർവീര്യമാക്കാനുള്ള സാങ്കേതികശേഷി ഇല്ലാത്ത സുരക്ഷാസേനകൾ പറന്നെത്തുന്ന ഭീഷണിയെ എങ്ങനെ നേരിടുമെന്നറിയാതെ കുഴങ്ങുന്നു.
നഗരത്തിന് സമീപം മിരൻസാഹിബിലാണ് ചൊവ്വാഴ്ച രാത്രി 9.23ന് ആദ്യ ഡ്രോൺ പറന്നത്. പുലർച്ചെ 4.40നും 4.52നും കാലുചക്, കുഞ്ച്വനി മേഖലകളിൽ ഡ്രോണുകളെ കണ്ടു. ഞായറാഴ്ച പുലർച്ചെയാണ് ജമ്മു വ്യോമതാവളത്തിൽ ഡ്രോണുകൾ രണ്ട് ബോംബിട്ടത്. ഇതിനുശേഷം എല്ലാ ദിവസവും അതിർത്തി കടന്ന് ഡ്രോണുകൾ എത്തുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ കാലുചട്, രത്നുചട് സൈനികകേന്ദ്രങ്ങളിൽ എത്തിയ ഡ്രോണുകൾ സുരക്ഷാസേന വെടിയുതിർത്തതോടെ പിൻവാങ്ങി.2019 ആഗസ്ത് അഞ്ചിന് ജമ്മു- കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം മുന്നൂറിലേറെ തവണ അതിർത്തിയിലും നിയന്ത്രണരേഖയിലുമായി ഡ്രോണുകൾ പറന്നിട്ടുണ്ടെന്നാണ് കണക്ക്.
കശ്മീരിൽ 2 ഭീകരർകൂടി കൊല്ലപ്പെട്ടു
സംഘർഷസ്ഥിതി തുടരുന്ന കശ്മീരിൽ ബുധനാഴ്ച രണ്ട് ഭീകരർ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ ചിമ്മർമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെതുടർന്ന് സുരക്ഷാസേന തെരച്ചിലാരംഭിച്ചു. ഭീകരർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ രാത്രിയും തുടർന്നു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മുതിർന്ന ലഷ്കർ കമാൻഡർ നദീം അബ്രാറും പാകിസ്ഥാനിൽനിന്നുള്ള കൂട്ടാളിയും തിങ്കളാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഡിവൈഎസ്പി അടക്കം മൂന്ന് സിആർപിഎഫ് ഭടന്മാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഞായറാഴ്ച പുൽവാമയിലെ ട്രാൽമേഖലയിൽ സിവിൽ പൊലീസ് ഓഫീസറായ ഫയാസ് അഹമ്മദിനെയും ഭാര്യയെയും മകളെയും ഭീകരർ കൊലപ്പെടുത്തി. ജമ്മു -കശ്മീരിൽനിന്നുള്ള നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തിയതിനു പിന്നാലെയാണ് താഴ്വരയിൽ ഭീകരാക്രമണങ്ങൾ വർധിച്ചത്.