തിരുവനന്തപുരം
കേരളത്തിലെ ബിജെപി നേതൃത്വം കുഴപ്പക്കാരാണെന്ന നിരീക്ഷക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രനേതൃത്വം കടുത്ത നടപടിയിലേക്ക് പോകാൻ സാധ്യത. കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നയിക്കുന്ന നേതൃത്വത്തെ പാർടി പ്രവർത്തകരും അണികളും തള്ളുകയാണെന്നാണ് റിപ്പോർട്ടുലുള്ളത്. നരേന്ദ്ര മോഡിയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ഇ ശ്രീധരൻ എന്നിവരെക്കൊണ്ട് അന്വേഷണം നടത്തിയത്. എന്നാൽ, കേന്ദ്രമന്ത്രി വി മുരളീധരൻ ഇത് നിഷേധിച്ചിരുന്നു. പക്ഷേ, റിപ്പോർട്ട് സമർപ്പിച്ചവർ സംഗതി സ്ഥിരീകരിച്ചതോടെ കേന്ദ്ര സഹമന്ത്രി പരിഹാസ്യനായി.
കേരളത്തിനു പുറത്തുള്ള ചില എംപിമാരും നിരീക്ഷക റിപ്പോർട്ട് ശരിവച്ചിട്ടുണ്ട്. പാർടിയെ 10 വർഷം പിന്നോട്ട് തള്ളുകയാണ് നേതൃത്വമെന്ന് മൂന്നുപേരും സമർപ്പിച്ച വെവ്വേറെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ന്യൂനപക്ഷത്തെ ആകർഷിക്കാൻ ഇവർക്കായില്ല. സാമ്പത്തിക അഴിമതി കൊടികുത്തിവാഴുകയാണ്. പാർടിക്ക് കേന്ദ്രത്തിൽനിന്ന് അടക്കം ലഭിക്കുന്ന ഫണ്ട് മുക്കുന്നവരാണ് പല നേതാക്കളും. പൂർണമായ അഴിച്ചുപണി ആവശ്യമാണെന്ന നിർദേശം കേന്ദ്രനേതാക്കൾ ഗൗരവമായാണ് എടുത്തിട്ടുള്ളത്. അതേസമയം, ഒപ്പുശേഖരണമടക്കമുള്ള കലാപസൂചന സംസ്ഥാന ബിജെപിയിൽ ശക്തമായി. ജൂലൈയിൽ ആർഎസ്എസ് ബൈഠക്കും ബിജെപി സംസ്ഥാന സമിതിയുമടക്കം നിർണായക യോഗങ്ങളുമുണ്ട്.
ആനന്ദബോസിനെ പരിഹസിച്ചത് തെറ്റ്: പി പി മുകുന്ദൻ
ബിജെപി സംസ്ഥാന നേതൃത്വത്തിൽ സമ്പൂർണ അഴിച്ചുപണി നടത്തണമെന്ന് മുതിർന്ന നേതാവ് പി പി മുകുന്ദൻ. നിരവധി ആരോപണമാണ് നേതൃത്വത്തിനെതിരെയുള്ളത്. സി വി ആനന്ദബോസിനെ മുരളീധരൻ പരിഹസിക്കാൻ പാടില്ലായിരുന്നു. മന്ത്രിയാണെന്ന് ഓർക്കണമെന്നും മുകുന്ദൻ പ്രതികരിച്ചു.