കൊച്ചി > ലക്ഷദ്വീപിൽ വീടുകൾ പൊളിക്കാനുള്ള നീക്കത്തിനെതിരായ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ അഡ്മിനിസ്ട്രേഷൻ നീക്കം. വീടുകൾ പൊളിക്കാനുള്ള നോട്ടീസ് നൽകാൻ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർമാർക്ക് അധികാരമില്ലെന്ന് കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പഴക്കം ചെന്ന രണ്ടുവീടുകൾ പൊളിക്കുന്നത് തടഞ്ഞുകൊണ്ടായിരുന്നു ഉത്തരവ്. ഇതിനെ മറികടക്കാൻ മുഴുവൻ ബിഡിഒമാരെയും ഡെപ്യൂട്ടി കളക്ടർമാരായി നിയമിച്ചിരിക്കുകയാണ് അഡ്മിനിസ്ട്രേഷൻ.
കവരത്തി ദ്വീപിൽ കടൽ തീരത്തോട് ചേർന്നുള്ള 102 വീടുകൾ പൊളിക്കാനാണ് ബിഡിഒമാർ നോട്ടീസ് നൽകിയിരുന്നത്. തീരദേശ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് പൊളിക്കാൻ നിർദേശിച്ചത്. ഇതിൽ ഉബൈദുല്ല, ഖാലിദ് എന്നിവരാണ് തങ്ങളുടെ പഴക്കം ചെന്ന വീടുകൾ പൊളിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ബിഡിഒ നൽകിയ നോട്ടിസ് കോടതി സ്റ്റേ ചെയ്തു. നാലാഴ്ചക്കകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. നോട്ടീസ് നൽകിയ ബിഡിഒമാർക്ക് അധികാരമില്ലെന്ന് ഹർജിക്കാർക്ക് വാദിക്കാമെന്നും അതിന്മേൽ നിയമാനുസൃതം ബിഡിഒമാർ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഡിഒമാരെ സബ് കലക്ടർമാരാക്കി വീടുകൾ പൊളിക്കാൻ അഡ്മിനിസ്ട്രേഷൻ നീക്കമാരംഭിച്ചത്.
നേരത്തെ തദ്ദേശീയരായ എട്ട് ഡെപ്യൂട്ടി കളക്ടർമാരെ ബിഡിഒമാരായി തരം താഴ്ത്തിയിരുന്നു. എന്നാൽ ബിഡിഒമാരുടെ ഉത്തരവുകൾ നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞതോടെ ഇവരെ വീണ്ടും ഡെപ്യൂട്ടി കളക്ടർമാരായി നിയമിച്ചു. നേരത്തെ തീരത്തെ മത്സ്യത്തൊഴിലാളി ഷെഡുകളെല്ലാം അഡ്മിനിസ്ട്രേഷൻ തന്നെ പൊളിച്ചുനീക്കിയിരുന്നു. തീരദേശനിയമലംഘനത്തിന്റെ പേരിലായിരുന്നു നടപടി. മറ്റു ദ്വീപുകളിലും വന്യുവിഭാഗം ഷെഡുകൾ പൊളിക്കാനുള്ള നോട്ടീസ് വിതരണം ചെയ്തു. അതിന്റെ കാലാവധി ബുധനാഴ്ച അവസാനിച്ചു. പൊളിക്കാൻ തയ്യാറാകാത്തവ റവന്യു നേരിട്ട് പൊളിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.