കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ ഡി.വൈ.എഫ്.ഐ. മുൻ നേതാവ് സജേഷിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴുമണിക്കൂർ നീണ്ടു. അതേസമയം കേസിലെ പ്രധാനപ്രതിയായ അർജുൻ ആയങ്കിക്ക് നൽകാനാണ് സ്വർണം കൊണ്ടുവന്നതെന്ന് കൂട്ടുപ്രതിയായ മുഹമ്മദ് ഷെഫീഖ് കസ്റ്റംസിന് മൊഴി നൽകി.
കരിപ്പൂരിലെ സ്വർണവേട്ടയുമായി ബന്ധപ്പെട്ടാണ് സജേഷിനെ ഏഴുമണിക്കൂർ ചോദ്യം ചെയ്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് ആറുമണി വരെ നീണ്ടു. സമൂഹമാധ്യമങ്ങൾ വഴിയുള്ള പരിചയം മാത്രമാണ് അർജുനുമായിട്ടുള്ളതെന്നും സ്വർണക്കടത്തിലോ ക്വട്ടേഷനിലോ ബന്ധമില്ലെന്ന് സജേഷ് പറഞ്ഞെങ്കിലും മൊഴി വിശ്വാസത്തിലെടുക്കാൻ കസ്റ്റംസ് തയ്യാറായിട്ടില്ല.
അർജുന്റെ ബിനാമിയാണ് സജേഷ് എന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഇന്ന് രേഖപ്പെടുത്തിയ മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ സജേഷിനെ വീണ്ടും വിളിപ്പിക്കും. അതേസമയം കേസിലെ മുഖ്യപ്രതിയായ അർജുന്റെ വാദം തള്ളി കൂട്ടുപ്രതി മുഹമ്മദ് ഷഫീഖ് മൊഴി നൽകി. അർജുൻ കരിപ്പൂറിൽ സ്വർണം വാങ്ങാൻ എത്തുമെന്ന് ദുബായിൽനിന്ന് അത് തന്നുവിട്ടവർ പറഞ്ഞിരുന്നെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അർജുനുമായി 25- തവണയോളം സംസാരിച്ചിട്ടുണ്ടെന്നും അർജുന് കൈമാറാനാണ് താൻ സ്വർണം കൊണ്ടുവന്നതെന്നും ഷെഫീഖ് മൊഴി നൽകി.
ഇടപടിൽ ബന്ധപ്പെട്ട സലിം, മുഹമ്മദ്, ജലീൽ തുടങ്ങിയവരെ ബന്ധിപ്പിക്കുന്ന ചില വിവരങ്ങളും ഷെഫീഖ് കസ്റ്റംസിന് നൽകിയിട്ടുണ്ട്. അർജുന്റെ കൂടുതൽ ഇടപാടുകളെ കുറിച്ചും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ കൂടുതൽപേരെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
content highlights: gold smuggling quotation: sajesh questioned for seven hours