കൊച്ചി > അതിജീവനത്തിന്റെ പുതു ചരിത്രം രചിച്ച ആനി ശിവ കൊച്ചി സെൻട്രൽ സ്റ്റേഷനിലെ എസ് ഐയായി ചുമതലയേറ്റു. ഇഷ്ടപ്പെട്ട സ്ഥലത്ത് തന്നെ ജോലി ചെയ്യാനായത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ആനി ശിവ പറഞ്ഞു. ജീവിതത്തിലെ അസാധാരണ വെല്ലുവിളികളെ അതിജീവിച്ച ആനിയുടെ അപേക്ഷ പരിഗണിച്ചാണ് സംസ്ഥാന സർക്കാർ വർക്കലയിൽ നിന്ന് എറണാകുളത്തേക്ക് മാറ്റം നൽകിയത്.
18-ാം വയസ്സിൽ ഭർത്താവും കുടുംബാംഗങ്ങളും ഉപേക്ഷിച്ച ആനി നാരങ്ങവെള്ളം കച്ചവടം മുതൽ എൽഐസി ഏജന്റായും പ്രവർത്തിച്ചു. കഠിനാധ്വാനം കൊണ്ടാണ് കേരള പോലീസിലെ സബ് ഇൻസ്പെക്ടർ പദവിയിൽ എത്തുന്നത്. വർക്കലയിലായിരുന്നു ആദ്യ നിയമനം. കുട്ടിയുടെ പഠനസൗകര്യം കൂടി കണക്കിലെടുത്താണ് കൊച്ചിയിലേക്ക് മാറ്റത്തിന് അപേക്ഷ നൽകിയത്. ഈ ആവശ്യം സർക്കാർ അംഗീകരിച്ചു നൽകുകയായിരുന്നു.
ആനിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പ്രമുഖരടക്കം എത്തിയിരുന്നു. പുതിയ ചുമതലയിലേക്ക് കടക്കുമ്പോഴും ആനിക്ക് പറയാനുള്ളത് കഠിനാധ്വാനം കൊണ്ട് ആർക്കും ഈ നേട്ടം കൈവരിക്കാനാകും എന്നാണ്. ഒപ്പം പിന്തുണ നൽകിയവർക്കുള്ള നന്ദിയും.