പുത്തൻ ഗെറ്റപ്പുകളിൽ ഫോട്ടോകൾ പങ്കുവച്ച് മമ്മൂട്ടി ഇടയ്ക്കിടെ ഞെട്ടിക്കാറുണ്ട്. ഏത് ലുക്കിൽ വന്നാലും അതൊരു ട്രെൻഡ് തന്നെ ആയി മാറാറുണ്ട്. ഇപ്പോൾ പുതിയ ലുക്കല്ല, താരമാകുന്നതിന് മുമ്പുള്ള ഫോട്ടോ പങ്കുവച്ചതാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയില്‍ അഭിനയിച്ചത് “അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ്. സത്യനും നസീറുമാണ് സിനിമയില്‍ നായകരായി എത്തിയത്. സിനിമ വൻ ഹിറ്റായി മാറിയിരുന്നു. ആ സിനിമയെ കുറിച്ചുള്ള ഓര്‍മകളുമായാണ് തന്റെ ഒരു ഫോട്ടോ മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ നിന്നുള്ള മമ്മൂട്ടിയുടെ പഴയ ഫോട്ടോ ഒരാള്‍ കളര്‍ ചെയ്തിരിക്കുകയാണ്. മമ്മൂട്ടിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫോട്ടോയാണ് ഇത്.
“സെല്ലുലോയിഡിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതിൽ നിന്നുള്ള ഒരു സ്കീൻ ഗ്രാബാണിത്, ഇത് ചെയ്ത വ്യക്തിക്ക് നന്ദി. മറ്റൊരു കാലഘട്ടത്തിൽ നിന്ന് അത്തരം ഉജ്ജ്വലമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു’ – മമ്മൂട്ടി കുറിച്ചു.
സത്യൻ മാസ്റ്ററുടെ അതേ സിനിമയിൽ അഭിനയിക്കാനുള്ള അപൂർവ ഭാഗ്യം തനിക്ക് ലഭിച്ചുവെന്നും, ഷൂട്ടിംഗിന്റെ ഇടവേളയില്‍ അദ്ദേഹം ഉറങ്ങുമ്പോൾ ഒരിക്കൽ കാലിൽ സ്പർശിച്ചത് താൻ ഓര്‍ക്കുന്നുവെന്നും മമ്മൂട്ടി പറയുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. കെ എസ് സേതുമാധവനാണ് ചിത്രത്തിന്റെ സംവിധാനം.