തിരുവനന്തപുരം
ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള (ഐഎസ്) റിക്രൂട്ട്മെന്റ് കേരളത്തിൽ നിർവീര്യമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മുംബൈ, ഡൽഹി എന്നിവയ്ക്കൊപ്പം ഐഎസ് ലക്ഷ്യംവയ്ക്കുന്ന സ്ഥലങ്ങളിലൊന്നാണ് കേരളം. 2016-, 2017 കാലത്ത് കേരളത്തിൽനിന്ന് ചിലരെ അവർ റിക്രൂട്ട് ചെയ്തു. പിന്നീട് എല്ലാ ശ്രമങ്ങളും നിർവീര്യമാക്കാനായതിനാൽ കേരളം ഇപ്പോൾ സുരക്ഷിതമാണെന്നും വ്യാഴാഴ്ച സ്ഥാനമൊഴിയുന്ന ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാഭ്യാസ നിലവാരവും ഐടി സാക്ഷരതയുമാണ് കേരളത്തിലേക്ക് ഐഎസ് ശ്രദ്ധപതിപ്പിക്കാൻ കാരണം. അതിനാൽ കേരളത്തിൽനിന്ന് അവർ റിക്രൂട്ടിങ്ങിനുള്ള ശ്രമം തുടർന്നേക്കും. എൻഫോഴ്സ്മെന്റിനൊപ്പം നമ്മുടെ ഇന്റലിജൻസ് സംവിധാനവും ശക്തമായതിനാൽ അവ നിർവീര്യമാക്കാൻ പൊലീസിനാകും. കേരളത്തിൽ ഇത്തരം ശ്രമങ്ങൾ നടത്തിയതെല്ലാം രാജ്യത്തിന് പുറത്തുനിന്നാണ്. കേരളത്തിനുള്ളിൽ നിന്നുള്ളവർക്ക് പരോക്ഷ ബന്ധം മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ. മാവോയിസ്റ്റുകൾ വെടിവയ്പ്പിൽ മരിച്ച സംഭവത്തിൽ ഒരു ഖേദവുമില്ല. സ്വയ രക്ഷയ്ക്കാണ് പൊലീസ് വെടിവച്ചത്. ഒരാൾക്ക് ഇഷ്ടമുള്ളയാളെ വിവാഹംചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്. അതിൽ മതമോ മറ്റ് കാര്യങ്ങളോ പ്രശ്നമല്ല. ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ലൗ ജിഹാദ് പ്രയോഗം കൊണ്ടുവന്നത്. വ്യത്യസ്ത മതങ്ങളിലുള്ളവർ വിവാഹിതരാകുന്നതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും ബെഹ്റ പറഞ്ഞു.
കേരളത്തിൽ ഒരു വർഷം ആറ് ലക്ഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തേക്കാൾ ജനസംഖ്യ കൂടുതലുള്ള യുപിയിൽ നാല് ലക്ഷത്തിൽ താഴെയാണിത്. പക്ഷേ ഇവിടെ 93 ശതമാനം കേസുകളും ശിക്ഷിക്കപ്പെടുന്നു. സിബിഐയിൽ പോലും 70-–-80 ശതമാനമാണ്. കേരളത്തിൽ നടന്ന 1400 കൊലപാതകത്തിൽ 14 എണ്ണം ഒഴികെ ബാക്കിയുള്ളവ തെളിയിക്കാനായി. കാണാതായ ജെസ്നയെ കണ്ടെത്താനാകാത്തതിൽ വിഷമമുണ്ട്.
കേരളാ പൊലീസിന് ചെയ്യാനാകുന്നതെല്ലാം ചെയ്തു. സിബിഐ ഈ കേസ് തെളിയിക്കുമെന്നും ബെഹ്റ പ്രത്യാശ പ്രകടിപ്പിച്ചു. പൊലീസ് ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ്കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.