തിരുവനന്തപുരം
പിഎസ്സി സെപ്തംബറിൽ നടത്തുന്ന ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് മലയാളത്തിലും ചോദ്യങ്ങൾ തയ്യാറാക്കും. ഇതുവരെ ഇംഗ്ലീഷിൽ മാത്രമായിരുന്നു ചോദ്യങ്ങൾ. ഇംഗ്ലീഷ് ചോദ്യത്തിനൊപ്പം അതിന്റെ മലയാള തർജമയും ഭാഷാ ന്യൂനപക്ഷങ്ങൾക്കായി കന്നട, തമിഴ് ചോദ്യങ്ങളും നൽകും. ചോദ്യങ്ങൾ തയ്യാറാക്കാൻ പരീക്ഷാഭവന് പിഎസ്സി നിർദേശം നൽകി. നിലവിൽ പ്ലസ്ടുവരെ യോഗ്യതയുള്ള പരീക്ഷകൾക്കാണ് മലയാളം, കന്നഡ, തമിഴ് ഭാഷയിൽ ചോദ്യങ്ങൾ തയ്യാറാക്കുന്നത്. ഒരേ ചോദ്യപേപ്പറിൽതന്നെ ഇംഗ്ലീഷും മലയാളവുമുണ്ടാകും. ഭാഷാന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലീഷും കന്നഡയും ഇംഗ്ലീഷും തമിഴും ചോദ്യപേപ്പർ വിതരണംചെയ്യും. പത്ത് മാർക്കിനുള്ള ഭാഷാ ചോദ്യങ്ങൾക്ക് മാറ്റമുണ്ടാകില്ല. അവ പ്രത്യേകമായുണ്ടാകും.
ബിരുദം യോഗ്യതയായുള്ള പരീക്ഷകൾക്കും മലയാളത്തിൽ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം പിഎസ്സിക്ക് മുമ്പിൽ സമരം നടത്തിയിരുന്നു. അനുകൂല തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നതാണിപ്പോൾ യാഥാർഥ്യമാക്കുന്നത്.
43 തസ്തിക ഒറ്റ പരീക്ഷ;
29 ലക്ഷത്തിലധികം പേർ എഴുതും
സെക്രട്ടറിയറ്റ്, പിഎസ്സി അസിസ്റ്റന്റ് ഉൾപ്പെടെ ബിരുദം യോഗ്യതയായ 43 തസ്തികയിലേക്ക് സെപ്തംബറിൽ പിഎസ്സി ഒറ്റ പരീക്ഷ നടത്തും. 29 ലക്ഷത്തോളം പേർ പരീക്ഷ എഴുതും. മെയ് 23ന് നടത്താനിരുന്ന പരീക്ഷ കോവിഡ് അടച്ചിടൽ മൂലം മാറ്റുകയായിരുന്നു. പിന്നീട് സെക്രട്ടറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ ഏതാനും തസ്തികകൂടി ഇതിൽ ഉൾപ്പെടുത്തി. പരീക്ഷ രണ്ട് ഘട്ടമായി നടത്തണോ എന്നത് പിഎസ്സിയുടെ ആലോചനയിലുണ്ട്. ഏഴ് മുതൽ പത്ത് വരെയും പ്ലസ്ടുവും യോഗ്യതയുള്ളവർക്ക് വിവിധ തസ്തികയിലേക്കുള്ള ഒറ്റ പരീക്ഷ നേരത്തെ പിഎസ്സി നടത്തിയിരുന്നു.