തിരുവനന്തപുരം
നിലവിലെ നിയന്ത്രണങ്ങളിൽ അയവുവരുത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപന തോത് കണക്കാക്കി പ്രദേശങ്ങളെ തരംതിരിക്കുന്നതിൽ മാറ്റം വരുത്തും. ടിപിആർ 18ന് മുകളിലുള്ള 80 തദ്ദേശ പ്രദേശങ്ങളിൽ വ്യാഴാഴ്ച മുതൽ മുപ്പൂട്ട് ഏർപെടുത്തും. രോഗസ്ഥിരീകരണനിരക്ക് കുറയാത്തിതിനാലാണ് നിയന്ത്രണം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രദേശവും
വൈറസ് മുക്തമല്ല
കോവിഡ് നിലനിൽക്കുന്നിടത്തോളം ഒരു പ്രദേശവും വൈറസ് മുക്തമല്ല. എ, ബി വിഭാഗങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ ഒരു നിയന്ത്രണവും വേണ്ടെന്ന ചിന്താഗതി പാടില്ല. ബോധവൽക്കരണവും ആവശ്യമെങ്കിൽ നിയമനടപടിയും ആലോചിച്ചിട്ടുണ്ട്.
ജപ്തി നടപടി നിർത്തിവയ്ക്കും
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബാങ്ക് വായ്പ മുടങ്ങിയതിന്റെ ഭാഗമായ ജപ്തി നടപടികൾ നിർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
റേഷൻ കടകൾ വൈകിട്ട് ആറരവരെ
സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ 8.30 മുതൽ പകൽ 12വരെയും വൈകിട്ട് 3.30 മുതൽ 6.30വരെയുമാണ് പ്രവർത്തനം. ജൂലൈ ഒന്നുമുതൽ മാറ്റം നടപ്പാകും. ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിലാണ് സമയമാറ്റം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ 8.30 മുതൽ പകൽ 2.30 വരെയായി നേരത്തെ പ്രവർത്തനം.
തിരക്കുള്ള റൂട്ടിൽ കൂടുതൽ ബസ്
ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ആവശ്യത്തിന് ബസുകൾ ഓടിക്കാൻ കലക്ടർമാർ നടപടിയെടുക്കും. ബി വിഭാഗത്തിലെ പ്രദേശങ്ങളിൽ ഓട്ടോറിക്ഷ അനുവദിക്കും. ഓഫീസുകളിലും സ്ഥാപനങ്ങളിലും അടിസ്ഥാന പ്രതിരോധ മാർഗങ്ങൾ പാലിക്കണം. മാസ്ക് നിർബന്ധമാണ്. പുറത്തിറങ്ങുന്നവർ എൻ 95 മാസ്കോ, ഡബിൾ മാസ്കോ ഉപയോഗിക്കണം. അന്തർസംസ്ഥാനയാത്രികർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. നിലവിൽ എയർപോർട്ടുകളിൽ ഫലപ്രദമായ പരിശോധനാസംവിധാനമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക്പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്തും.
30 യൂണിറ്റ്വരെ വൈദ്യുതി സൗജന്യം
കോവിഡ് പശ്ചാത്തലത്തിൽ വൈദ്യുതി ഉപയോക്താക്കൾക്ക് സംസ്ഥാന സർക്കാരിന്റെ വൻ ആശ്വാസ പദ്ധതികൾ. 500 വാട്സ്വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗമുള്ള ഗാർഹിക ഉപയോക്താക്കൾക്ക് ഇനി മുതൽ വൈദ്യുതി സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തെ 20 യൂണിറ്റുവരെ മാത്രമുള്ളവർക്കായിരുന്നു ഈ സൗജന്യം. 1000 വാട്സ്വരെ കണക്ടഡ് ലോഡുള്ളതും മാസം 50 യൂണിറ്റ് വരെ ഉപയോഗമുള്ള ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് യൂണിറ്റിന് 1.50 രൂപ നിരക്കിൽ വൈദ്യുതി നൽകാനും തീരുമാനിച്ചു. 40 യൂണിറ്റ് വരെ മാത്രം ഉപയോഗമുള്ളവർക്ക് അനുവദിച്ചിരുന്ന ആനുകൂല്യമാണിത്.
ഫിക്സഡ് ചാർജിലും ഇളവ്
വാണിജ്യ, വ്യാവസായിക ഉപയോക്താക്കൾക്ക് മെയ് മാസത്തെ ഫിക്സഡ്, ഡിമാൻഡ് ചാർജിൽ 25 ശതമാനം ഇളവ് അനുവദിച്ചു. സിനിമ തിയറ്ററുകൾക്ക് മെയ് മാസത്തെ ഫിക്സഡ്, ഡിമാൻഡ് ചാർജിൽ 50 ശതമാനവും ഇളവുണ്ട്. ശേഷിക്കുന്ന തുക അടയ്ക്കാൻ സെപ്തംബർ 30വരെ പലിശരഹിതമായി മൂന്നുതവണ അനുവദിക്കും. അടച്ചിട്ടുണ്ടെങ്കിൽ തുടർന്നുള്ള ബില്ലുകളിൽ ക്രമപ്പെടുത്തും. ഫിക്സഡ് ചാർജിനത്തിൽ മാത്രം 30 കോടിയുടെ ഇളവുകളാണ് കെഎസ്ഇബി നൽകുന്നത്.ഇളവുകൾ നടപ്പാക്കാൻ കെഎസ്ഇബിക്ക് അനുമതി നൽകി ഊർജ വകുപ്പ് ഉത്തരവായി.