നടന്നടുക്കുക, തൊടുക്കുക, വലയിലാക്കുക. എളുപ്പമാണ് പെനൽറ്റിയുടെ രീതി. എന്നാൽ, യൂറോ മത്സരങ്ങൾ നോക്കൗട്ടിലേക്ക് കടന്നതോടെ പെനൽറ്റി ഷൂട്ടൗട്ട് പേടിയിലാണ് കളിക്കാരും ടീമുകളും. 12 വാര അരികെവച്ച്, വളരെ സ്വതന്ത്രമായി പന്തടിച്ച് കയറ്റാനുള്ള സാഹചര്യത്തിൽ ഒരു കളിക്കാരൻ അടിസ്ഥാന പാഠംപോലും മറക്കുന്ന അവസ്ഥ. നന്നായി കളിച്ചിട്ടും ഷൂട്ടൗട്ടിൽ തകർന്നുപോകുന്ന ടീമുകൾ.
പ്രധാന ടൂർണമെന്റുകളിൽ പെനൽറ്റി പാഴാക്കുന്നവർ എപ്പോഴും ദുരന്തനായകരാണ്. ഇപ്പോഴത്തെ ഇംഗ്ലണ്ട് പരിശീലകൻ ഗാരി സൗത്ഗേറ്റും മുൻ ഇറ്റാലിയൻ താരം റോബർട്ടോ ബാജിയോയും ഓർമിക്കപ്പെടുന്നത് ഒരേയൊരു പെനൽറ്റി പിഴവിലാണ്. സമ്മർദമാണ് വില്ലൻ. 2018 ലോകകപ്പിൽ ഇംഗ്ലണ്ട് ടീം ഒരു മനഃശാസ്ത്രഞ്ജനെ ഉൾപ്പെടുത്തിയാണ് റഷ്യയിൽ കളിക്കാനെത്തിയത്. പെനൽറ്റി എടുക്കുന്നവർക്കാണ് സമ്മർദം. തടയാനൊരുങ്ങുന്ന ഗോൾ കീപ്പർമാർ ക്രൂശിക്കപ്പെടില്ല. ഒരെണ്ണം തടയാൻ കഴിഞ്ഞാൽ ഗോൾ കീപ്പർമാർക്ക് ഹീറോ പരിവേഷം ലഭിക്കുകയും ചെയ്യും.
പെനൽറ്റി എടുക്കുന്നതിലുമുണ്ട് മനഃശാസ്ത്രം. ഗോൾ കീപ്പർമാരെ തല ഉയർത്തി നോക്കാതെ കിക്ക് എടുക്കുന്നവർക്ക് പിഴവ് വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. റഫറിയുടെ വിസിൽ മുഴങ്ങുന്ന നിമിഷത്തിൽത്തന്നെ, അതിവേഗത്തിൽ തൊടുക്കുന്നവർക്കും പിഴയ്ക്കാം. ഗോൾ കീപ്പറെ ആത്മവിശ്വാസത്തോടെ നോക്കുന്ന കളിക്കാരനാണ് മുൻതൂക്കം കിട്ടുക.
‘തൊടുക്കാനുള്ള മൂല മനസ്സിലാക്കുക, തീരുമാനം മാറ്റാതിരിക്കുക’ പെനൽറ്റി ഷൂട്ടൗട്ടിലെ അടിസ്ഥാനപാഠം ഇതാണെന്നും കായികരംഗത്തെ മനഃശാസ്ത്രജ്ഞർ പറയുന്നു. 2008 ചാമ്പ്യൻസ് ലീഗ് ഫൈനലിനുമുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും 16,000നുമുകളിൽ പെനൽറ്റി വിവരങ്ങളാണ് പരിശോധിച്ചത്. സഡൻ ഡെത്തിൽ 6–-5ന് യുണൈറ്റഡ് ജയിച്ചു. എഡ്വിൻ വാൻ ഡെർ സറായിരുന്നു യുണൈറ്റഡ് ഗോൾ കീപ്പർ. ചെൽസിയുടെ കിക്കുകൾ എല്ലാം ഇടതുവശത്തേക്കാണ് ചെന്നത്. കാരണം വാൻഡെർ സറിന് ഇടതുകൈയുടെ ഭാഗത്ത് ദൗർബല്യമുണ്ടായിരുന്നു. ചെൽസി അത് പഠിച്ചാണ് എത്തിയത്. എന്നാൽ, അവസാന കിക്ക് എടുത്ത് നിക്കോളാസ് അനെൽക്ക വലതുഭാഗത്തേക്കാണ് തൊടുത്തത്. വാൻഡെർ സർ അത് തടയുകയും യുണൈറ്റഡിന്റെ വീരനായകനാകുകയും ചെയ്തു.
2012 യൂറോ ക്വാർട്ടറിൽ ഇറ്റലി–-ഇംഗ്ലണ്ട് ഷൂട്ടൗട്ട്. ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോ ഹാർട്ട് വലിയ ശബ്ദമുണ്ടാക്കി ഇറ്റാലിയൻ കളിക്കാരുടെ ശ്രദ്ധ തെറ്റിക്കാൻ ശ്രമിക്കുകയായിരുന്നു. ആന്ദ്രേ പിർലോയെ അതൊന്നും ബാധിച്ചില്ല. പനേങ്ക കിക്കിലൂടെ പിർലോ ഹാർട്ടിനെ നിശ്ശബ്ദനാക്കി.1976നുശേഷം വീണിട്ടില്ലാത്ത ജർമനിയാണ് ഷൂട്ടൗട്ടിലെ വമ്പൻമാർ. 1976 യൂറോ ഫൈനലിൽ ചെക്കൊസ്ലൊവാക്യയെ 7–-5ന് മറികടന്നപ്പോൾ അന്റോണിയോ പനേങ്കയുടെ കിക്ക് ശ്രദ്ധേയമായി. ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് കോരിയിട്ടപ്പോൾ പിൽക്കാലം അത് ‘പനേങ്ക കിക്ക്’ എന്ന പേരിൽ പ്രശസ്തമായി. ഈ യൂറോയിലെ 14 പെനൽറ്റികളിൽ 12 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എട്ടെണ്ണം വലയിലെത്തി. നാലെണ്ണം തടയപ്പെട്ടു.