ബുകാറെസ്റ്റ്
മൂന്ന് വർഷംമുമ്പ് ഫ്രാൻസും കിലിയൻ എംബാപ്പെയും ലോകത്തിന്റെ നെറുകയിലായിരുന്നു. ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ കിരീടം ജയിച്ച രാത്രി. എംബാപ്പെയെന്ന പത്തൊമ്പതുകാരൻ വേഗതയും ഫിനിഷിങ് പാടവവുംകൊണ്ട് അത്ഭുതപ്പെടുത്തി.
വർഷങ്ങൾ കഴിഞ്ഞു. അതേ എംബാപ്പെ ഫ്രാൻസിന്റെ ദുരന്തനായകനായി. വേഗതയെ പുൽകിയ ആ കാലുകൾ പിൻവലിഞ്ഞു. ഷൂട്ടൗട്ടിൽ നിർണായക കിക്ക് പാഴാക്കി എംബാപ്പെ യൂറോയുടെ കണ്ണീർച്ചിത്രമായി. സ്വിറ്റ്സർലൻഡിനോട് പ്രീ ക്വാർട്ടറിൽ തോറ്റ് ഫ്രാൻസ് പുറത്താകുമ്പോൾ എംബാപ്പെയുടെയുംകൂടി വീഴ്ചയാകുന്നു അത്. ഫ്രഞ്ച് പത്രം എൽ എക്വിപെ എഴുതിയപോലെ, ഫ്രഞ്ച് ടീമിന് ഇതൊരു ‘വൻ വീഴ്ചയാണ്’.ഇരുപത്തിരണ്ടു വയസ്സുകാരനായ എംബാപ്പെയുടെ കളിജീവിതത്തിലെ ചെറിയൊരു തിരിച്ചടിയാണ്. വിശാലമായ ഭാവി മുന്നിലുണ്ട്. പക്ഷേ, സ്വിസിനോടുള്ള തോൽവിയും സ്വന്തം പ്രകടനവും നീറ്റലായി ശേഷിക്കും.
ബുക്കാറെസ്റ്റ് എംബാപ്പെയ്ക്ക് ദുഃസ്വപ്നങ്ങളുടെ രാത്രിയായിരുന്നു. ഷൂട്ടൗട്ടിൽ നിർണായകമായ അഞ്ചാം കിക്ക് എടുക്കുമ്പോൾ ദുർബലമായിരുന്നു ആ കാലുകൾ. സ്വിസ് ഗോൾ കീപ്പർ യാൻ സോമ്മെർ അത് തട്ടിയകറ്റി. കളിയുടെ നിശ്ചിതസമയത്തും അധികസമയത്തുമെല്ലാം എംബാപ്പെയ്ക്ക് തന്റേതായ നിമിഷങ്ങൾ കിട്ടിയിരുന്നു. ഒന്നും ഗോളിലേക്കെത്തിയില്ല.
യൂറോയിലെ നാല് മത്സരങ്ങളിൽ ഒരു ഗോളുമില്ല.14 ഷോട്ടുകൾ പായിച്ചതിൽ ലക്ഷ്യത്തിലേക്ക് ഒന്നുമില്ല. പിഎസ്ജിയിൽ കഴിഞ്ഞ സീസണിൽ 41 ഗോളായിരുന്നു അടിച്ചുകൂട്ടിയത്. പ്രതിഭകൾ നിറഞ്ഞിട്ടും ഫ്രാൻസിന് മുന്നേറാൻ കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എംബാപ്പെ തളർന്നതാണ്. ലോകകപ്പിലും യൂറോയിലും ഉൾപ്പെടെ 17 മത്സരങ്ങളിൽ ഒരെണ്ണം മാത്രമായിരുന്നു ഫ്രാൻസ് തോറ്റത്. സ്വിസിനെതിരെ പരിശീലകൻ ദിദിയൻ ദെഷാമിന്റെ തീരുമാനങ്ങളും പാളി. 80–-ാംമിനിറ്റിൽ ജയിച്ചു, കളി അവസാനിച്ചുവെന്ന് ഫ്രഞ്ചുകാർ കരുതി എന്നായിരുന്നു സ്വിസ് ക്യാപ്റ്റൻ ഗ്രാനിത് ഷാക്കയുടെ പ്രതികരണം. ദെഷാമിന്റെ നീക്കങ്ങൾ അതുപോലെയായിരുന്നു.
കഠിനാധ്വാനിയായ ഒൺടോയ്ൻ ഗ്രീസ്മാനെ പിൻവലിക്കാനുള്ള തീരുമാനം, 3–-1ന്റെ മുൻതൂക്കം ജയമെന്ന് ദെഷാം കരുതിയതായിരുന്നു. സെഫറോവിച്ചും ഗവ്റനോവിച്ചും ചേർന്ന് ശേഷിച്ച നിമിഷങ്ങളിൽ സ്വിസിനെ ഒപ്പമെത്തിച്ചപ്പോൾ അതിനുള്ള മറുമരുന്ന് ദെഷാമിന്റെ കൈയിലുണ്ടായില്ല. ഇരട്ടഗോളുമായി മനംനിറച്ച കരിം ബെൻസെമ അധികസമയത്തെ കളി കരയ്ക്കിരുന്ന് കണ്ടു. ഒന്നാന്തരം ഗോളുതിർക്കുകയും മധ്യനിര ഭരിക്കുകയും ചെയ്ത പോൾ പോഗ്ബയ്ക്ക് പറ്റിയ കൂട്ടാളിയെയും കിട്ടിയില്ല. ഷൂട്ടൗട്ടിൽ 5–-4ന് സ്വിസ് കുതിച്ചപ്പോൾ എംബാപ്പെയും കൂട്ടരും പിന്നിലേക്ക് മടങ്ങി.
തല കുനിക്കരുത്, യാത്ര തുടരുക ; എംബാപ്പെയോട് പെലെ
സ്വിറ്റ്സർലൻഡിനെതിരെ ഷൂട്ടൗട്ടിൽ കിക്ക് പാഴാക്കിയ ഫ്രഞ്ച് മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയ്ക്ക് പിന്തുണയുമായി പെലെ. സാമൂഹ്യമാധ്യമത്തിലൂടെയാണ് ബ്രസീൽ ഫുട്ബോൾ ഇതിഹാസം എംബാപ്പെയ്ക്ക് ഊർജം പകരുന്ന വാക്കുകളുമായി എത്തിയത്. ‘നാളെ പുതിയ യാത്രയുടെ ആദ്യദിനമാണ്. തല ഉയർത്തി നിൽക്കൂ കിലിയൻ’– -പെലെ കുറിച്ചു.