ബ്രസീലിയ
കോപ അമേരിക്ക ഫുട്ബോളിൽ ക്വാർട്ടർ ചിത്രം തെളിഞ്ഞു. ചാമ്പ്യൻമാരായ ബ്രസീലിന് കരുത്തരായ -ചിലിയാണ് എതിരാളി. അർജന്റീന ഇക്വഡോറിനെ നേരിടും. ഉറുഗ്വേ–-കൊളംബിയ മത്സരവും ആവേശം പകരും. പെറു–-പരാഗ്വേ പോരാണ് മറ്റൊന്ന്. ക്വാർട്ടറും സെമിയും ജയിച്ചാൽ ബ്രസീൽ–-അർജന്റീന ഫൈനലിന് വഴിയൊരുങ്ങും. ബ്രസീൽ–-ചിലി, പെറു–-പരാഗ്വേ മത്സര ജേതാക്കളാണ് സെമിയിൽ ഏറ്റുമുട്ടുക. അർജന്റീന–-ഇക്വഡോർ, ഉറുഗ്വേ–-കൊളംബിയ വിജയികൾ രണ്ടാംസെമിയിൽ മുഖാമുഖം വരും.
എ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് അർജന്റീന എത്തുന്നത്. അവസാന കളിയിൽ ബൊളീവിയയെ 4–-1ന് തകർത്തു. ഇരട്ടഗോൾ നേടി ക്യാപ്റ്റൻ ലയണൽ മെസി മിന്നി. പാപു ഗൊമെസിന്റെ ഗോളിന് വഴിയൊരുക്കിയതും മെസിയാണ്. ലൗതാരോ മാർടിനെസ് മറ്റൊന്ന് നേടി. അവസാന 17 കളിയിൽ തോൽവിയറിയാതെയാണ് അർജന്റീനയുടെ മുന്നേറ്റം. പരാഗ്വേയെ ഒരു ഗോളിന് മറികടന്ന് ഉറുഗ്വേയാണ് ഗ്രൂപ്പിൽ രണ്ടാമത് എത്തിയത്. അർജന്റീനയ്ക്ക് പത്തും ഉറുഗ്വേക്ക് ഏഴും പോയിന്റാണ്. പരാഗ്വേ, ചിലി എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി.
ബി ഗ്രൂപ്പിൽ പത്ത് പോയിന്റുമായി ബ്രസീൽ ചാമ്പ്യൻമാരായി. പെറു (7), കൊളംബിയ (4), ഇക്വഡോർ (3) എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങൾ. ഗ്രൂപ്പിലെ ഒന്നാമൻമാർക്ക് എതിർഗ്രൂപ്പിലെ നാലാമൻമാരാണ് എതിരാളി. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലും ഏറ്റുമുട്ടും. മൂന്നിന് പുലർച്ചെയാണ് ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കം.