വെംബ്ലി
വെംബ്ലിയിൽ 1996 യൂറോയിൽ ജർമനിയോട് കീഴടങ്ങിയതിന്റെ നൊമ്പരം ഒടുവിൽ ഇംഗ്ലീഷ് പട മായ്ച്ചു, സുന്ദരജയത്തോടെ. ചിരവൈരികളായ ജർമനിയെ രണ്ട് ഗോളിന് തകർത്ത് ക്വാർട്ടറിൽ കടന്നു. റഹീം സ്റ്റെർലിങ്ങും ഹാരി കെയ്നും ഗോളുകൾ നേടി. ആദ്യ 70 മിനിറ്റിൽ പ്രതിരോധിച്ചും അവസാനം ആക്രമണം കെട്ടഴിച്ചുമാണ് ഇംഗ്ലണ്ട് കളി പിടിച്ചത്.
വെംബ്ലിയിൽ ഇംഗ്ലണ്ട് പ്രതിരോധവും ജർമൻ മുന്നേറ്റവും തമ്മിലുള്ള പോരാട്ടമായിരുന്നു. ജോക്വിം ലോ ആക്രമണത്തിന് മൂർച്ഛ നൽകിയാണ് ടീമിനെ ഒരുക്കിയത്. ഗാരത് സൗത്ഗേറ്റാകട്ടെ പ്രതിരോധക്കാരിൽ വിശ്വാസമർപ്പിച്ചു. ഡിഫൻസീവ് മിഡ്ഫീൽഡർമാരായ കാൽവിൻ ഫിലിപ്പും ഡെക്ലൻ റൈസും ഉൾപ്പെടെ ഏഴ് പേരെയാണ് കാവൽക്കാരായി നിയോഗിച്ചത്.
ആദ്യപകുതി ഇംഗ്ലീഷ് തന്ത്രം വിജയമായി. ജർമനി പിടഞ്ഞു. കയ് ഹവേർട്സും വെർണറും മുള്ളറുമെല്ലാം പന്ത് കിട്ടാതെ വലഞ്ഞു. ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. വെർണറിന്റെ ശ്രമം പിക്ഫോർഡ് തകർത്തു. ഇടവേളയ്ക്ക് മുമ്പ് മുന്നിലെത്താനുള്ള അവസരം ഇംഗ്ലണ്ടിന് നഷ്ടമായി. സ്റ്റെർലിങ് ഒരുക്കിയ അവസരം നോയെ മാത്രം മുന്നിൽനിൽക്കേ കെയ്നിന് മുതലാക്കാനായില്ല. രണ്ടാംപകുതി ആരംഭിച്ചത് ജർമനിയുടെ മുന്നേറ്റത്തോടെയാണ്. ഹവേർട്സിന്റെ ഉശിരനടി ഉയർന്നുചാടി ഇടംകൈകൊണ്ട് പിക്ഫോർഡ് അവിശ്വസനീയമായി അകറ്റി. ഇംഗ്ലീഷ് മതിൽ കടക്കാൻ പലവട്ടം ജർമനിക്കാർ ശ്രമിച്ചെങ്കിലും അതെല്ലാം മഗ്വയറും കൂട്ടരും നിർവീര്യമാക്കി.
അവസാന ഇരുപത് മിനിറ്റിൽ ഇംഗ്ലണ്ട് തന്ത്രം മാറ്റി. ജാക്ക് ഗ്രീലിഷിനെ എത്തിച്ച് നയം വ്യക്തമാക്കി. ആക്രമണത്തിന്റെ കെട്ടഴിച്ചു. വൈകാതെ ഉത്തരമുണ്ടായി. സ്റ്റെർലിങ്–-കെയ്ൻ–-ഗ്രീലിഷ്–-ലൂക്ക് ഷാ എന്നിവർ ഒന്നിച്ചുള്ള മുന്നേറ്റം. ആദ്യ നീക്കത്തിനുശേഷം ബോക്സിലേക്ക് ഓടിക്കയറിയ സ്റ്റെർലിങ്ങിന് ഷായുടെ തെറ്റാത്ത പാസ്. വെംബ്ലിയെ ആഘോഷത്തിലാക്കി സ്റ്റെർലിങ് വല നിറച്ചു. കളി വീണ്ടെടുക്കാനുള്ള സുവർണാവസരം മുള്ളർ പാഴാക്കി. സ്റ്റെർലിങ്ങിന്റെ പിഴവ് പാസ് മുതലാക്കി ഹവേർട്സ് മുള്ളറിലേക്ക് പന്ത് നൽകി. അനായാസമായി വല കടത്താനുള്ള ഊഴം പരിയചയസമ്പന്നനായ ഈ ജർമൻ മുന്നേറ്റക്കാരൻ കളഞ്ഞു. ഇംഗ്ലണ്ടാകട്ടെ ജയമുറപ്പിച്ച് കളിച്ചു. ഗ്രീലിഷ് ഒരുക്കിയ പന്ത് ഗോളിലേക്ക് തെളിച്ച് കെയ്ൻ ജർമൻ പതനം പൂർത്തിയാക്കി.