തിരുവനന്തപുരം
കോവിഡ് കാലത്ത് മാനസിക പിന്തുണ തേടി സംസ്ഥാന സർക്കാരിന്റെ സൈക്കോ സോഷ്യൽ സപ്പോർട്ടിലേക്ക് വിളിച്ചത് ഒരു കോടിയിലധികം പേർ. 1268 മാനസികാരോഗ്യ പ്രവർത്തകരാണ് ഇതിനായി പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആരോഗ്യ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സ്കൂൾ കൗൺസിലർമാരെയും ഐസിടിസി, അഡോളസന്റ് ഹെൽത്ത് കൗൺസിലർമാരെയും ഉൾപ്പെടുത്തിയാണ് പദ്ധതി. ഡിഇഐസി, എംഐയു തെറാപ്പിസ്റ്റുകൾ, ബഡ്സ് സ്കൂൾ, സ്പെഷ്യൽ സ്കൂൾ അധ്യാപകർ എന്നിവരും ഈ സംഘത്തിലുണ്ട്. 74,825 വിളികളാണ് ഇതുവരെ ഹെൽപ് ലൈനിൽ വന്നത്. 74,087 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിലുള്ള 31,520 പേർക്കും സേവനം ലഭ്യമായി.
കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന 64,194 ജീവനക്കാർക്കും കരുത്ത് നൽകാൻ പദ്ധതിക്കായി. സേവനം ജൂൺ മുതൽ സ്കൂൾ കുട്ടികളിലേക്കും വ്യാപിപ്പിച്ചിരുന്നു. 7,90,820 കോളുകൾ സ്കൂൾ കുട്ടികൾക്ക് മാത്രമായി നൽകി. ഇതിൽ 81,368 കുട്ടികൾക്ക് കൗൺസലിങ് സേവനവും ലഭ്യമാക്കി. ഫോൺ: 1056(ദിശ), 0471 2552056.