ന്യൂഡൽഹി
ഒരു രാജ്യം ഒരു റേഷൻകാർഡ് പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങൾ ജൂലൈ 31നുള്ളിൽ നടപ്പാക്കണമെന്ന് സുപ്രീംകോടതി. കോവിഡ് കാലത്ത് അതിഥിത്തൊഴിലാളികളുടെ ദുരിതങ്ങളെക്കുറിച്ചുള്ള ഹർജിയിലാണ് നിർദേശം. രാജ്യമുടനീളം അതിഥിത്തൊഴിലാളികൾ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പദ്ധതി തൃപ്തികരമായി നടപ്പാക്കിയാൽ മാത്രമേ അതിഥിതൊഴിലാളികള്ക്ക് ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
പദ്ധതി നടപ്പാക്കിയാൽ ഏതു സംസ്ഥാനത്ത് ജോലിചെയ്യുന്ന അതിഥിത്തൊഴിലാളികൾക്കും റേഷൻകാർഡ് ഉപയോഗിച്ച് ഏത് സംസ്ഥാനത്തുനിന്നും ഭക്ഷ്യധാന്യം വാങ്ങാനാകും.അതിഥിത്തൊഴിലാളികൾ അധികമുള്ള മേഖലകളിൽ സാമൂഹ്യഅടുക്കളകൾ സ്ഥാപിക്കണം, എല്ലാ കരാറുകാർക്കും ലൈസൻസ് നിർബന്ധമാക്കണം, അതിഥിത്തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന അധികധാന്യം കേന്ദ്രം ഉടൻ കൈമാറണം തുടങ്ങിയ നിർദേശവും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നൽകി. ബംഗാൾ, ഡൽഹി, ഛത്തീസ്ഗഢ്, അസം സംസ്ഥാനങ്ങൾ ഒരു രാജ്യം ഒരു റേഷൻകാർഡ് പദ്ധതി ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.