കൊച്ചി
തന്നെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് റോമിലെ അപ്പീൽ കൗൺസിലിനെ സമീപിച്ചതായി സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയെ അറിയിച്ചു. റോമിൽനിന്ന് ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ നിലവിലുള്ള സാഹചര്യത്തിൽ കോൺവന്റിൽനിന്ന് പുറത്താക്കാനാകില്ലെന്നും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്
ഇന്ത്യൻ ഭരണഘടനയ്ക്കുമുകളിലല്ല കാനോനിക നിയമമെന്നും തന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്ന ഉത്തരവുകൾക്ക് ഇന്ത്യയിൽ നിലനിൽപ്പില്ലെന്നും സിസ്റ്റർ ലൂസി കളപ്പുര സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തന്നെ കോൺവന്റിൽനിന്ന് പുറത്താക്കുന്നതിനെതിരെ സിവിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
എന്നാൽ, റോമിൽനിന്ന് ലൂസി കളപ്പുരയെ പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇത് അന്തിമമാണെന്നും ഇറ്റാലിയൻ ഭാഷയിലുള്ള ഉത്തരവിന്റെ ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കി എഫ്സി കോൺവന്റ് മദർ സുപ്പീരിയർ വാദിച്ചു. പുറത്താക്കപ്പെട്ട വ്യക്തിക്ക് കോൺവന്റിൽ തുടരാൻ അവകാശമില്ലെന്നും മദർ സുപ്പീരിയർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. സിവിൽ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി കഴിഞ്ഞതായും മദർ സുപ്പീരിയർ അറിയിച്ചു.
സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കോടതി നിർദേശപ്രകാരം സംരക്ഷണം നൽകിവരുന്നതായി സർക്കാർ വിശദീകരിച്ചു. താമസസ്ഥലം ഏതെന്ന് പരിഗണിക്കാതെ എല്ലാ സംരക്ഷണവും നൽകാൻ പൊലീസ് തയ്യാറാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ പി പി താജുദീൻ ബോധിപ്പിച്ചു. സിസ്റ്റർ ഇതുവരെ നൽകിയ എല്ലാ പരാതിയിലും പൊലീസ് നിയമാനുസൃത നടപടി കൈക്കൊണ്ടിട്ടുണ്ട്. കോൺവന്റും പരിസരവും വെള്ളമുണ്ട പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും പൊലീസ് ബീറ്റ് ശക്തിപ്പെടുത്തിയതായും സർക്കാർ അറിയിച്ചു.പൊലീസ് സംരക്ഷണം തേടി സിസ്റ്റർ ലൂസി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് രാജാവിജയരാഘവൻ പരിഗണിച്ചത്. ക്രമസമാധാനനില ഉറപ്പുവരുത്താനും ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകാനും കോടതി നേരത്തേ നിർദേശിച്ചിരുന്നു.