ബീജിങ്
ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ(സിപിസി) 100–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി, ത്യാഗപൂർണ പ്രവർത്തനം കാഴ്ചവച്ച മുതിന്നവരെ ആദരിച്ച് പ്രസിഡന്റ് ഷി ജിൻപിങ്. മാർക്സിസത്തോടും സോഷ്യലിസത്തോടും ചൈനീസ് മൂല്യങ്ങളോടും അചഞ്ചലമായ കൂറ് പുലർത്തിയവരെയാണ് ആദരിക്കുന്നതെന്ന് ഷി പറഞ്ഞു. സൈനിക, സാമൂഹ്യ പ്രവർത്തന, കലാ സാംസ്കാരിക രംഗങ്ങളിൽനിന്നുള്ള 29 പേരാണ് പാർടി കേന്ദ്ര കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ മെഡലിന് അർഹരായത്.
പാർടി അംഗങ്ങൾ ഒന്നാകെ രാജ്യത്തിന്റെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കണമെന്നും ഷി പറഞ്ഞു. പരിപൂർണ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാകാനുള്ള ചൈനയുടെ യാത്രയിൽ ലക്ഷ്യപ്രാപ്തിക്കായി ഒന്നിച്ചുമുന്നേറണം.
ചൈനീസ് കമ്യൂണിസ്റ്റ് പാർടിയിൽ 9.2 കോടി അംഗങ്ങളാണുള്ളത്, രാജ്യത്തെ ജനസംഖ്യയുടെ ആറുശതമാനത്തിൽ കൂടുതൽ. വ്യാഴാഴ്ച ബീജിങ് ടിയാനൻമെൻ സ്ക്വയറിലാണ് 100–-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രധാന ആഘോഷം.