ന്യൂഡൽഹി
അതിർത്തിയിൽ പുതിയ സുരക്ഷാ ഭീഷണിയായി മാറുന്ന ഡ്രോണുകളെ പ്രതിരോധിക്കാൻ ഇസ്രയേൽ സാങ്കേതിക സംവിധാനത്തെ ആശ്രയിക്കാൻ കേന്ദ്ര നീക്കം. ജമ്മു വ്യോമതാവളത്തിന് നേരെയുള്ള ഡ്രോണാക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ വികസിപ്പിച്ചിട്ടുള്ള ‘സ്മാഷ് 2000 പ്ലസ് ആന്റി ഡ്രോൺ’ സംവിധാനം വാങ്ങാൻ സർക്കാർ ഒരുങ്ങുന്നത്.
എകെ 47 തോക്കിലും സമാനമായ റൈഫിളുകളിലും ഘടിപ്പിക്കാനാകുന്നതാണ് സ്മാഷ് സംവിധാനം. പകലും രാത്രിയും ആകാശത്ത് കൂടെ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താൻ സ്മാഷിനാകും. ഡ്രോണുകൾ വളരെ താഴ്ന്ന് പറക്കുന്നതിനാൽ റഡാർ സംവിധാനങ്ങൾക്ക് കണ്ടെത്താനാകില്ല. സ്മാഷ് സംവിധാനത്തിന് വളരെ വേഗത്തിൽ പറക്കുന്ന ഡ്രോണുകളെ പോലും കണ്ടെത്താൻ കഴിയുമെന്നാണ് അവകാശവാദം. നാവികസേന ഇതിനോടകം തന്നെ സ്മാഷ് സംവിധാനങ്ങൾ സംഭരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വ്യോമസേനയും കരസേനയും വൈകാതെ സ്മാഷ് സംഭരിക്കും.
അതിർത്തി കടന്നെത്തിയ ഡ്രോണുകൾ ജമ്മു വ്യോമതാവളത്തിൽ ബോംബിട്ടിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുമായി ജമ്മുവിലെ കാലുചക്കിലുള്ള സൈനിക കേന്ദ്രത്തിലേക്ക് രണ്ട് ഡ്രോൺ പറന്നെത്തി. സുരക്ഷാഭടന്മാർ തുടർച്ചയായി വെടിവച്ചതോടെ പിൻവാങ്ങി. 2019 ആഗസ്ത് അഞ്ചിന് ജമ്മു–-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം മുന്നൂറിലേറെ തവണ ഡ്രോണുകൾ നിയന്ത്രണ രേഖയിലും അതിർത്തി മേഖലയിലുമായി പറന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആയുധങ്ങളും മയക്കുമരുന്നും ഡ്രോണുകളിൽ കടത്തുന്നതും പതിവായി.
ഡ്രോൺ പ്രതിരോധത്തിനുള്ള സാങ്കേതികത ലഭ്യമാക്കണമെന്ന് സുരക്ഷാ ഏജൻസികൾ ഒന്നര വർഷത്തിലേറെയായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ജമ്മു ആക്രമണം വിമർശനങ്ങൾക്ക് വഴിവച്ചതോടെയാണ് തിരക്കിട്ടുള്ള നടപടികളിലേക്ക് കേന്ദ്രം കടക്കുന്നത്. അതിനിടെ ജമ്മു ആക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഡ്രോണുകളുടെ അവിശിഷ്ടം കണ്ടെത്താനാകാത്തതിനാൽ ബോംബ് വർഷിച്ചശേഷം അവ തിരിച്ച് പറന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.