മംഗളൂരു> കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാക്കി കർണാടക. കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കേരളത്തിലും കണ്ടെത്തിയതിനെ തുടർന്നാണ് കർണാടക വീണ്ടും നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാക്കിയത്. ഇതോടെ കേരളവുമായി അതിർത്തി പങ്കിടുന്ന -ദക്ഷിണ കന്നഡ ഉൾപ്പെടെയുള്ള ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തി. നെഗറ്റീവ് പരിശോധന ഫലമില്ലാത്തവരെ തിരിച്ചയക്കും.
ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ അതിർത്തികൾ വഴി കർണാടകയിൽ പ്രവേശിക്കുന്ന എല്ലാവർക്കും ആർടി-പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതായി ഡെപ്പ്യൂട്ടി കമ്മീഷണർ (ഡിസി) ഡോ. കെ വി രാജേന്ദ്ര അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം ജില്ലയിലേക്ക് വിവിധ അതിർത്തി റോഡുകളിലൂടെ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
കേരളത്തിൽ കോവിഡ് -19 കേസുകളിൽ ഇപ്പോഴും കുറവ് വരാത്തതും ഡെൽറ്റ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ അതിർത്തി ചെക്ക് പോസ്റ്റുകളായ തലപടി, നെറ്റണികെ, മുദ്നൂരു, സാറഡക്ക, ജൽസൂർ പൊലീസിനെ വ്യന്യസിച്ചു. ആളുകളുടെ അനാവശ്യമായ യാത്രകൾ തടയാൻ 24 മണിക്കൂറും പരിശോധന ഉണ്ടാകുമെന്ന് ഡിസി പറഞ്ഞു.
ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളിലും ചെക്ക് പോയിന്റുകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് വരുന്ന രോഗികൾക്കും അവരുടെ കൂടെ വരുന്നവർക്കും ആർടി-പിസിആർ പരിശോധന നിർബന്ധമായി നടത്താൻ എല്ലാ ആശുപത്രികളോടും നിർദ്ദേശിച്ചിട്ടുണ്ട്. അതിർത്തികളിൽ കോവിഡ് പരിശോധന കേന്ദ്രങ്ങളും തുറന്നു.
മൂന്നാം തരംഗത്തിന്റെ സാധ്യത തടയുന്നതിനും കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും കൂടിയാണ് അതിർത്തി നിരീക്ഷണം ശക്തമാക്കിയത്. എന്നാൽ തീവണ്ടി മാർഗം വരുന്നവരെ ഉൾപ്പെടെ പരിശോധിക്കുന്നത് വെല്ലുവിളിയാണെന്ന് ഡെപ്പ്യൂട്ടി കമ്മീഷണർ ദേശാഭിമാനിയോട് പറഞ്ഞു.