കൊച്ചി: അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് കേസിൽ പങ്കില്ലെന്ന് അഭിഭാഷകൻ. സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അർജുൻ കസ്റ്റംസിനോട് സമ്മതിച്ചിട്ടില്ല. എന്നാൽ ഇതിന് വിരുദ്ധമായ വാർത്തകളാണ് പുറത്തുവരുന്നതെന്നും അഭിഭാഷകൻ പ്രതികരിച്ചു.
അർജുൻ ആയങ്കി പാസ്പോർട്ട് നശിപ്പിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ പാസ്പോർട്ട് പോലും ഇല്ലാത്തയാളാണ് അർജുൻ. സ്വർണം കടത്തുന്ന കാര്യം അറിയാമെന്ന് അർജുൻ കസ്റ്റംസിന് മൊഴി നൽകിയിട്ടില്ലെന്നും കുടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നുംഅദ്ദേഹം വ്യക്തമാക്കി. അർജുനെ ജാമ്യത്തിലിറക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അർജുനെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്നയാളാണ് അർജുൻ ആയങ്കി. ഇന്നലെയാണ് അർജുനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.