തിരുവനന്തപുരം: ക്രിമിനൽ സംഘങ്ങളെയും സ്വർണ്ണക്കടത്തുകാരെയും സ്ത്രീപീഡകരേയും സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സൈബർ ഇടങ്ങളിലെ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്ന ആളുകൾ തന്നെയാണ് എല്ലാ ക്രിമിനൽ കേസുകളിലെയും ആസൂത്രകരെന്ന വിവരമാണ് പുറത്തുവരുന്നത്. രാമനാട്ടുകാര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവർക്ക്പങ്കുണ്ടോയെന്ന് അന്വേഷിക്കണം.മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം വെടിയണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
ക്രിമിനൽ സംഘങ്ങളുടെ അടിമകളായി വടക്കൻ മലബാറിലെ സിപിഎം നേതൃത്വം മാറി. സംസ്ഥാനം ഭരിക്കുന്ന പാർട്ടി എല്ലാ സ്വാധീനവും ഉപയോഗപ്പെടുത്തി ക്രിമിനൽ സംഘങ്ങളെ സംരക്ഷിക്കുകയാണ്. പല ആവശ്യങ്ങൾക്കും സിപിഎം ഇവരെയെല്ലാം ഉപയോഗപ്പെടുത്തി. ഒരുപരിധി വിട്ടുകഴിഞ്ഞാൽ ഇത്തരം കേസുകളിലെ അന്വേഷണം മരവിപ്പിക്കുന്ന രീതി സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസും ഒതുക്കി തീർക്കാനാണ് ശ്രമം. കേസിനാസ്പദമായ സംഭവം നടന്നിട്ട് മൂന്ന് മാസത്തോളമായി. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി കേരളത്തിലേക്ക് കൊടുത്തുവിട്ട പണമാണിത്. കൊടകരയിൽ സിപിഎം-ബിജെപി ഒത്തുതീർപ്പാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
content highlights:VD Satheesan allegation aginst CPM