വെംബ്ലി
1996ലെ യൂറോ സെമി ഷൂട്ടൗട്ടിൽ ജർമനിക്കെതിരെ ഇംഗ്ലണ്ടിന് അവസാന കിക്ക് പാഴായി. സഡൻ ഡെത്തിൽ 6–-5ന് ജർമനി ഫൈനലിലെത്തി. ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ച് കിരീടവും നേടി.
അന്ന് ഇംഗ്ലണ്ടിന്റെ കിക്ക് പാഴാക്കിയത് ഗാരെത് സൗത്ഗേറ്റ് എന്ന പ്രതിരോധക്കാരനായിരുന്നു. ആ സൗത്ഗേറ്റ് ഇന്ന് ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനാണ്. വീണ്ടും ജർമനിയുമായുള്ള മുഖാമുഖം. അതേ വെംബ്ലി സ്റ്റേഡിയമാണ് വേദി. ’96ലെ കണ്ണീരിന് മറുപടി കൊടുക്കാൻ സൗത്ഗേറ്റിന് കഴിയുമോ എന്നത് കണ്ടറിയണം. വൻ നിരയുമായി എത്തിയ ഇംഗ്ലണ്ടിന് ആശിച്ച പ്രകടനം പുറത്തെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പുഘട്ടത്തിൽ അടിക്കാനായത് രണ്ട് ഗോൾമാത്രം. രണ്ടു ജയം, ഒരു ഗോളില്ലാക്കളി. സൂപ്പർ താരം ഹാരി കെയ്നിന്റെ ബൂട്ടുകൾ നിശ്ശബ്ദമാണ്.
മറുവശത്ത് ജർമനി കടന്നുകൂടുകയായിരുന്നു. ആദ്യകളിയിൽ ഫ്രാൻസിനോട് തോറ്റ്, രണ്ടാംമത്സരത്തിൽ പോർച്ചുഗലിനെ നിലംപരിശാക്കി, മൂന്നാംമത്സരത്തിൽ ഹംഗറിയോട് കഷ്ടിച്ച് രക്ഷപ്പെട്ടാണ് പ്രീ ക്വാർട്ടറിൽ എത്തിയത്. പോർച്ചുഗലിനെ 4–-2ന് തകർത്ത കളിരീതി പക്ഷേ, ഇംഗ്ലണ്ടിനെ ഭയപ്പെടുത്തുന്നുണ്ട്. ജോഷ്വ കിമ്മിച്ചാണ് ജർമനിയുടെ ആശ്രയം.