സെവിയ്യ
ഇരുപത്തിനാല് ഷോട്ടുകളാണ് പോർച്ചുഗൽ തൊടുത്തത്. അതിൽ അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക്. പക്ഷേ, ഒന്നും ഗോൾവല കടന്നില്ല. ബൽജിയം ആകെ തൊടുത്തത് ആറ്. ലക്ഷ്യത്തിലേക്ക് ഒരെണ്ണം. അതായിരുന്നു അവരുടെ വിജയഗോൾ. മുന്നേറ്റക്കാരൻ ദ്യേഗോ ജോട്ട ആദ്യഘട്ടത്തിൽ മികച്ച അവസരം പാഴാക്കുന്നത് കണ്ടാണ് പോർച്ചുഗൽ ക്വാർട്ടർ മത്സരത്തിന്റെ മുറുക്കത്തിലേക്ക് കടന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്ക് ബൽജിയം ഗോൾ കീപ്പർ തിബൗ കുർടോയുടെ കൈളിൽ കുടുങ്ങി. ക്ലോസ് റേഞ്ചിൽവച്ചുള്ള റൂബെൻ ഡയസിന്റെ ബുള്ളറ്റ് ഹെഡർ കുർടോയുടെ പഞ്ചിൽ തട്ടിത്തെറിച്ചു. റാഫേൽ ഗുറെയ്റോയുടെ നെടുങ്കൻ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ജോയോ ഫെലിക്സിന്റെ ഹെഡർ ശ്രമം വഴുതി കുർടോയുടെ കാലിലും കൈയിലുമായി കുരുങ്ങി. ‘ ഞങ്ങൾ ആദ്യപകുതി ഗംഭീരമായി കളിച്ചു. പക്ഷേ, രണ്ടാംപകുതി പോർച്ചുഗൽ സമ്മർദം തന്നു. ഭാഗ്യംകൊണ്ടാണ് ജയിച്ചത്’ മത്സരശേഷം ബൽജിയം പ്രതിരോധക്കാരൻ തോമസ് വെർമീലന്റെ പ്രതികരണമായിരുന്നു ഇത്.
പോർച്ചുഗൽ നന്നായി കളിച്ചു. റെനാറ്റോ സാഞ്ചെസ് എന്ന കഠിനാധ്വാനി അത്രയും മനോഹരമായാണ് പോർച്ചുഗലിനെ ചലിപ്പിച്ചത്. റൊണാൾഡോയ്ക്കും കളിയിൽ നല്ല നിമിഷങ്ങളുണ്ടായി. റെക്കോഡിലേക്ക് ഒരു ഗോൾ മാത്രം അകലെയായിരുന്ന മുപ്പത്താറുകാരന് പക്ഷേ, വല തുറക്കാനായില്ല. അവസാന 20 മിനിറ്റുകൾ ബൽജിയം ഗോൾമേഖല പൂർണമായും കീഴടക്കിയിട്ടും ഗോൾ മാത്രം അവർക്ക് കണ്ടെത്താനായില്ല. 2016ൽ ചാമ്പ്യൻമാരായ ടീമിനെക്കാൾ മികച്ച സംഘമായിരുന്നു ഇക്കുറി. പക്ഷേ, പ്രതിഭകൾ മാത്രം പോരാ കിരീടം നേടാനെന്ന് ഈ യൂറോ പോർച്ചുഗലിനെ പഠിപ്പിച്ചു.