കൊച്ചി
ഒരു വർഷംമുമ്പ് കള്ളനെന്ന് വിളിച്ച് ആക്ഷേപിച്ച ‘മനോരമ’ യെക്കൊണ്ട് കേമനെന്ന് വിളിപ്പിച്ച് ‘സ്പ്രിങ്ക്ളറി’ന്റെ പ്രതികാരം. ഒന്നാം കോവിഡ് തരംഗത്തിൽ ഡാറ്റ ചോർത്തുന്ന ഊരും പേരുമില്ലാ കമ്പനിയെന്ന് വാർത്ത എഴുതി കരിതേച്ച മനോരമയാണ് കേമൻ കമ്പനിയായി സ്പ്രിങ്ക്ളറിനെ ഇപ്പോൾ അവതരിപ്പിച്ചത്. പ്രവാസി മലയാളി മാവേലിക്കരയിലെ രാജി തോമസിന്റെ സ്പ്രിങ്ക്ളറിന്റെ ഓഹരി വിൽപ്പന ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ റെക്കോഡ് നേട്ടം കൈവരിച്ചപ്പോഴാണ് ‘മനോരമ’യുടെ കാപട്യം വെളിപ്പെട്ടത്.
ഒന്നാം പിണറായി സർക്കാരിനെതിരെ അഴിമതി ആരോപണം കെട്ടിച്ചമയ്ക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും ‘സ്പ്രിങ്ക്ളറി’നെ കരിവാരിത്തേച്ചിരുന്നു. 1.8 ലക്ഷംപേരുടെ ഡാറ്റ കടത്തി വിറ്റെന്നും 600 കോടിയുടെ തട്ടിപ്പ് നടത്തിയെന്നുമാണ് മനോരമയും രമേശ് ചെന്നിത്തലയും നിരന്തരം ആരോപിച്ചത്. ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ ഓഹരി വിൽപ്പന തുടങ്ങി രണ്ടാംദിവസം ‘സ്പ്രിങ്ക്ളർ’ ആഗോളനിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റി. ഓഹരിവില 12 ശതമാനം ഉയർന്ന് 19.64 ഡോളറായി. രാജി തോമസിന്റെ ആസ്തികയാകട്ടെ, ഏകദേശം 7716.69 കോടി രൂപയിലെത്തി. ഓഹരിവില വീണ്ടും കയറി 20.54 ഡോളറായപ്പോഴാണ് സ്പ്രിങ്ക്ളറിന്റെ ഈ വിജയയാത്രയെക്കുറിച്ച് പ്രത്യേക വാർത്ത കൊടുത്ത് മനോരമ ‘നിറംമാറിയത്’. 12 വർഷംകൊണ്ട് കമ്പനി വമ്പൻനേട്ടം കൈവരിച്ചതായി സ്തുതിക്കാനും മനോരമ മറന്നില്ല.
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ രോഗികളെ അതിവേഗം കണ്ടെത്താൻ സർക്കാരിന് സൗജന്യമായി സാങ്കേതികസഹായം നൽകിയതിനാണ് സ്പ്രിങ്ക്ളറും രാജി തോമസും പ്രതിപക്ഷത്തിന്റെയും മനോരമയുടെയും പുലഭ്യം കേട്ടത്. അന്നത്തെ പ്രതിപക്ഷനേതാവ് രാജി തോമസിനെതിരെ ഹൈക്കോടതിയെയും സമീപിച്ചു. കോവിഡ് ഡാറ്റ വിശകലനത്തിന് കേരളം സൗജന്യ സഹായം സ്വീകരിക്കുംമുമ്പേതന്നെ മൈക്രോസോഫ്റ്റ്, ആമസോൺ, നൈക്കി, സിസ്കോ, ഹോണ്ട തുടങ്ങിയ ആഗോളകമ്പനികൾ സ്പ്രിങ്ക്ളറിന്റെ സേവനം ഉപയോഗപ്പെടുത്തിയെന്ന് മനോരമ പറയുന്നു. ബിഎംസി, മക്ഡൊണാൾഡ്, സാംസങ്, ഫിലിപ്സ് എന്നിങ്ങനെ വേറെയും നിരവധി വൻ ബ്രാൻഡുകൾ ഇവരുടെ ഉപയോക്താക്കളായുണ്ട്. 2015ലിറങ്ങിയ ‘എന്ന് നിന്റെ മൊയ്തീൻ’ സിനിമയുടെ നിർമാതാക്കളിലൊരാൾകൂടിയാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ രാജി തോമസ്. കുടുംബസമേതം അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് താമസം.