കൊച്ചി
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ വിവാദ ഉത്തരവുകൾക്കെതിരെ ലക്ഷദ്വീപിൽ എല്ലാ ദ്വീപുവാസികളും പങ്കെടുത്ത് ഓലമടൽസമരം. സ്വകാര്യപുരയിടങ്ങളിൽ ഓലയും മടലും കൂട്ടിയിട്ടാൽ പിഴയീടാക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ ഉത്തരവിൽ പ്രതിഷേധിച്ചായിരുന്നു സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്ത്രീകളുൾപ്പെടെ അണിനിരന്ന സമരം. പറമ്പുകളിലെ തെങ്ങോലയും മടലും ഒരിടത്ത് പെറുക്കിക്കൂട്ടി അതിലിരുന്ന് പ്ലക്കാർഡുകൾ ഉയർത്തിയാണ് ദ്വീപുവാസികൾ പ്രതിഷേധിച്ചത്.
ചവർസംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴയീടാക്കുന്നത് നിർത്തണമെന്നുമുള്ള ആവശ്യങ്ങളും ഉയർത്തി. ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം നടത്തരുതെന്നും അഡ്മിനിസ്ട്രേഷന്റെ കർശന നിർദേശവുമുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപുജനത ഒന്നിച്ചണിനിരന്നുള്ള സമരങ്ങളിലൂടെ പ്രതിഷേധം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. നേരത്തേ എല്ലാ ദ്വീപുവാസികളും 12 മണിക്കൂർ നിരാഹാരം അനുഷ്ഠിച്ചിരുന്നു. അഡ്മിനിസ്ട്രേറ്ററെത്തിയ ദിവസം ദ്വീപുജനത ഒന്നടങ്കം കരിദിനം ആചരിച്ചു.
സർക്കാർ പിരിച്ചുവിട്ട തൊഴിലാളികളും പഞ്ചായത്ത് അംഗങ്ങളും സമരരംഗത്ത് എത്തി. അഡ്മിനിസ്ട്രേറ്ററുടെ ഒരാഴ്ചത്തെ സന്ദർശനത്തിനുശേഷം മടങ്ങുന്നതിന്റെ തലേന്ന് ദ്വീപിൽ ഒന്നടങ്കം വിളക്കുകളണച്ച് പ്രതിഷേധിച്ചു.