സെവിയ്യ
ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല. എല്ലാ പ്രധാന ടൂർണമെന്റിനും ബൽജിയം കേൾക്കുന്ന പല്ലവിയാണിത്. പക്ഷേ, മോഹിപ്പിച്ചശേഷം അവർ വീണുപോകും. സുവർണ തലമുറയെന്ന് പേരുള്ള ഒരു സംഘം എക്കാലവും ഉണ്ടായിരുന്നു. പക്ഷേ, ഇതുവരെ കിരീടമില്ല.ഈ യൂറോയിലും ബൽജിയം ഏറെ അരികിലാണ്. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിനെ ഒരു ഗോളിന് കീഴടക്കി ക്വാർട്ടറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു റോബർട്ടോ മാർട്ടിനെസിന്റെ സംഘം. ക്വാർട്ടറിൽ ഇറ്റലിയാണ് എതിരാളി. ഫൈനൽപോലെയായിരിക്കും ആ പോരാട്ടം.
പോർച്ചുഗലിനെ നേരിടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ഒറ്റയാനായിരുന്നു വെല്ലുവിളി. ഗോൾമേഖല മെതിച്ച് മുന്നേറുന്ന കരുത്തനെ കൃത്യമായി പൂട്ടാനായതാണ് ബൽജിയത്തിന്റെ വിജയം. പ്രതിരോധം കാര്യമായി പരീക്ഷിക്കപ്പെട്ട കളിയിൽ തോമസ് വെർമീലൻ, ടോബി ആൽഡെർവീൽഡ്, യാൻ വെർടോൻഗൻ ത്രയമാണ് റൊണാൾഡോയെയും സംഘത്തെയും തീരത്തേക്ക് അടുപ്പിക്കാതിരുന്നത്. അപ്പോഴും മുന്നേറ്റത്തിൽ ഒരു വെടിച്ചില്ല് ബൽജിയത്തിന് ആവശ്യമായിരുന്നു. അത് തോർഗൻ ഹസാർഡിലൂടെ കിട്ടി. പോർച്ചുഗൽ ഗോൾ കീപ്പർ റൂയി പട്രീഷ്യോ ചെറുതായി സ്ഥാനം തെറ്റിനിൽക്കുന്ന സമയത്തായിരുന്നു തോർഗന്റെ കാൽ വെടിച്ചില്ലായി മാറിയത്. ഏദെൻ ഹസാർഡിന്റെ പന്ത് നിയന്ത്രണം കളി ബൽജിയത്തിന്റെ വരുതിയിലാക്കി.
അവസാനഘട്ടങ്ങളിൽ ഭാഗ്യവും തുണച്ചതോടെ ബൽജിയം പരീക്ഷ ജയിച്ചു.ഒന്നാംറാങ്കുകാരായ ബൽജിയം കഴിഞ്ഞ യൂറോയിൽ ക്വാർട്ടറിൽ വെയ്ൽസിനോട് തോറ്റ് പുറത്തായി. 2018 ലോകകപ്പ് സെമിയിൽ ചാമ്പ്യൻമാരായ ഫ്രാൻസിനോട് തോറ്റു.ഇക്കുറി കിരീടത്തിൽ കുറഞ്ഞതൊന്നും ഈ സുവർണ തലമുറ ആഗ്രഹിക്കുന്നില്ല.