സെവിയ്യ
തോർഗൻ ഹസാർഡ് ഇനി സ്വതന്ത്രനാണ്. പോർച്ചുഗലിനെതിരായ ഒറ്റഗോളോടെ ഇരുപത്തെട്ടുകാരൻ ലോകഫുട്ബോളിൽ സ്വന്തം മേൽവിലാസം കുറിച്ചു. ഇനി സൂപ്പർ താരം ഏദെൻ ഹസാർഡിന്റെ അനിയൻ എന്ന പരിചയപ്പെടുത്തൽ വേണ്ട. യൂറോയിൽ ബൽജിയത്തെ ക്വാർട്ടറിൽ പ്രവേശിപ്പിച്ച ഒന്നാന്തരം ഗോളോടെ തോർഗൻ ഏദെന്റെ നിഴലിൽനിന്ന് മോചിതനായി. കുട്ടിക്കാലംമുതൽ ഏദെൻ ഹസാർഡിന്റെ സഹോദരൻ എന്ന വിലാസത്തിലാണ് തോർഗൻ കളത്തിൽ അവതരിക്കപ്പെട്ടത്. ചെൽസിയിലും ബൽജിയം ടീമിലും എല്ലാം ഈ മധ്യനിരക്കാരൻ ചേട്ടന്റെ നിഴലിലായി. എന്നാൽ യൂറോയിൽ കഥ മാറി. തൊട്ടതെല്ലാം പൊന്നാക്കി തോർഗൻ. മൂന്ന് കളിയിൽ രണ്ട് ഗോളുകൾ. അവസരമുണ്ടാക്കാനും മിടുക്കുകാട്ടി. ‘കളിജീവിതത്തിലെ നിർണായക ഗോളാണ് പോർച്ചുഗലിനെതിരെ നേടിയത്. ഒരുപാട് സന്തോഷം’–-തോർഗൻ പറയുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിലാണ് ഈ മധ്യനിരക്കാരൻ.
ഫുട്ബോൾ കുടുംബമാണ് ഹസാർഡുമാരുടേത്. പ്രൊഫഷണൽ താരങ്ങളാകാൻ കൊതിച്ച് ഒന്നുമാകാതെ പോയവരായിരുന്നു തിയറി ഹസാർഡ്–-കരീൻ ഹസാർഡ് ദമ്പതികൾ. ഡിഫൻസീവ് മിഡ്ഫീൽഡറായിരുന്നു തിയറി. കരീനാകട്ടെ ബൽജിയം വനിതാ ലീഗിൽ ഒന്നാം ഡിവിഷൻ ടീമിന്റെ മുന്നേറ്റക്കാരിയും. ഇരുവർക്കും നാല് മക്കൾ. നാലുപേരും പ്രൊഫഷണൽ താരങ്ങൾ. മൂത്തവൻ ഏദെൻ. ലോക ഫുട്ബോളിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാൾ. ബൽജിയം ക്യാപ്റ്റൻ. രണ്ടാമനാണ് തോർഗൻ. മൂന്നാമൻ കിലിയൻ ഹസാർഡ് ബൽജിയം ലീഗിലെ താരമാണ്. ഏറ്റവും ഇളയവൻ പതിനേഴുകാരൻ ഈദൻ ഹസാർഡ്. എഫ്സി ടുബീസെയ്ക്കായി കളിക്കുന്നു. നാലുപേരും മധ്യനിരക്കാരാണ്. വിങ്ങുകളിലും മിന്നും. ഏദെനും തോർഗനും പിൻഗാമികളായി കിലിയനെയും ഈദനെയും നാളെകളിൽ ബൽജിയം കുപ്പായത്തിൽ കണ്ടേക്കാം.