കോപ്പൻഹേഗൻ
യൂറോ കപ്പ് ഫുട്ബോളിൽ പിഴവുഗോൾ നിറയുന്നു. ഒമ്പത് പിഴവുഗോളാണ് ഈ യൂറോയിൽ. ഏറ്റവും ഒടുവിലത്തേത് സ്പെയ്ൻ– ക്രൊയേഷ്യ മത്സരത്തിൽ. സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സിമോണിന് പറ്റിയ പിഴവ്. പെഡ്രി നൽകിയ ബാക്ക് പാസ് പിടിച്ചെടുക്കുന്നതിൽ സിമോൺ അലസത കാട്ടിയപ്പോൾ പന്ത് സ്വന്തം വലയിൽ.
പോർച്ചുഗൽ ടീമാണ് പിഴവുഗോളിൽ മുന്നിൽ. ജർമനിക്കെതിരായ ആദ്യ റൗണ്ട് മത്സരത്തിൽ പ്രതിരോധ താരങ്ങളായ റാഫേൽ ഗുറേറോയും റൂബെൻ ഡയസും ഗോൾ വഴങ്ങി. സ്പെയ്നിനെതിരായ ആദ്യ റൗണ്ട് മത്സരത്തിൽ സ്ലൊവാക്യൻ ഗോൾ കീപ്പർ മാർട്ടിൻ ദുബ്രാവ്കയും സ്വന്തം വലയിലേക്ക് പന്തിട്ടു. ഫ്രാൻസിനെതിരെ ജർമനിയുടെ മാറ്റ് ഹമ്മെൽസാണ് ഈ യൂറോയിലെ ആദ്യ പിഴവുഗോൾ വഴങ്ങിയത്.