പാരീസ്
ഫ്രാൻസിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ രാജ്യത്തെ തീവ്ര വലതുപക്ഷ പാർടിയായ നാഷണൽ റാലിക്ക് കനത്ത തിരിച്ചടി. കുടിയേറ്റ വിരുദ്ധ പാർടിയുടെ പ്രധാന സ്ഥാനാർഥികൾ മുഴുവൻ തോറ്റു. ആദ്യമായി ഒരു പ്രദേശത്തിന്റെ ഭരണം പിടിച്ചെടുക്കാമെന്നു കരുതി തെരഞ്ഞെടുപ്പിനെ നേരിട്ട പാർടിക്ക് കിട്ടിയത് 20 ശതമാനം വോട്ട് മാത്രമാണ്. മുഖ്യധാരാ വലതുപക്ഷത്തിനും ഗ്രീൻ, ഇടത് സഖ്യത്തിനും പിന്നിലാണ് നാഷണൽ റാലി. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തോൽവി വലിയ തിരിച്ചടിയാണ്.
തന്റെ പാർടി ഫ്രാൻസിന്റെ 12 മേഖലയിലും പരാജയപ്പെട്ടുവെന്ന് നാഷണൽ പാർടി നേതാവ് മാരിൻ ലീപെൻ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങും. പോളിങ് ഏജൻസികളുടെ പ്രവചനമനുസരിച്ച് മുഖ്യധാരാ വലതുപക്ഷം ഏഴിടത്തും ഇടതുപക്ഷം അഞ്ചിടത്തും ജയിക്കും.