തിരുവനന്തപുരം
കുട്ടികളല്ലെ, മെക്കിട്ടുകയറാമെന്ന ചിന്തയൊന്നും ഇനിവേണ്ട, കുട്ടികൾക്കെതിരെ അതിക്രമംനടന്നാൽ ഉടൻ പിടിവീഴും. കുട്ടികളുടെ സുരക്ഷയ്ക്ക് സംസ്ഥാന സർക്കാർ ഒരുക്കുന്ന മൊബൈൽ ആപ് വഴിയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയുടെ ഭാഗമായാണിത്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ രജിസ്റ്റർ ചെയ്ത ഏജൻസി വഴി ആപ് ഉടൻ നിലവിൽ വരും.
അനിഷ്ട സംഭവങ്ങളുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും പൊലീസടക്കമുള്ളവരുടെ ഇടപെടൽ അതിവേഗം സാധ്യമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഇതിലുണ്ടാകും.
കുട്ടികളുടെ അവകാശം, നിയമങ്ങൾ, വിവിധതരം ചൂഷണം, പീഡനം, ഇവ തിരിച്ചറിയാനും തടയാനുമുള്ള മാർഗങ്ങളും ഇതിലുണ്ടാകും. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം. നല്ലരീതിയിൽ കുട്ടികളെ വളർത്തൽ, മാനസിക, ശാരീരിക പ്രശ്നങ്ങൾ തുടക്കത്തിലേ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള മാർഗങ്ങളും ലഭ്യമാക്കും.
നേരത്തേ വനിതകളുടെ പ്രശ്നങ്ങൾ അറിയിച്ചാൽ ഓൺലൈൻ വഴി സേവനം ലഭ്യമാക്കുന്ന ‘കാതോർത്ത്’, മേൽവിലാസവും പരാതിയും മാത്രമെഴുതി തപാൽപെട്ടിയിലിട്ടാൽ തുടർനടപടി സ്വീകരിക്കുന്ന ‘രക്ഷാദൂത്’ പദ്ധതികൾ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കിയിരുന്നു.
ലൈവിലും വീട്ടിലും ചതിക്കുഴി
ലോക്ക്ഡൗണിൽ ഓൺലൈൻ ചതിക്കുഴികളിൽ വീഴുന്ന കുട്ടികളേറുന്നു. ഓൺലൈൻ മുഖാന്തരമുള്ള അതിക്രമവും ചൂഷണവും വർധിച്ചതായി ചൈൽഡ് ലൈൻ കണക്ക്. 2019–-20ൽ അഞ്ച് ശതമാനമായിരുന്നെങ്കിൽ 20–-21ൽ 12 ശതമാനമായി. പഠനത്തിനടക്കം ഓൺലൈൻ വിദ്യകളെ കൂടുതൽ ആശ്രയിക്കുന്നത് മുതലെടുത്താണ് കെണിയൊരുക്കുന്നത്. പുതിയ സാമൂഹ്യമാധ്യമായ ക്ലബ് ഹൗസും കുട്ടികൾക്ക് വില്ലനാകുന്നു.
വീടിനകത്ത് ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിലും ലോക്ഡൗൺ കാലയളവിൽ വർധനയുണ്ട്. മുൻ വർഷങ്ങളിൽ പുറത്ത് നിന്നുള്ളവരുടെ അതിക്രമമായിരുന്നു മുന്നിൽ. ആകെ കേസുകളിൽ 55 ശതമാനവും ഇത്തരത്തിലുള്ളതായിരുന്നു. കോവിഡിൽ കുട്ടികൾ വീട്ടിലൊതുങ്ങിയതോടെയാണ് വീട്ടിലെ വേട്ടയാടൽ കൂടിയത്. ബന്ധുക്കൾമുതൽ രക്ഷിതാക്കൾവരെ പ്രതിസ്ഥാനത്തുണ്ട്.