തിരുവനന്തപുരം: വലിയവേളിയിൽ കടലാക്രമണം രൂക്ഷം. മൂന്നോളം വീടുകളുടെ ചുറ്റുമതിലും ശൗചാലയവും കടലെടുത്തു. അൻപതോളം വീടുകൾ കടലാക്രമണ ഭീഷണിയിൽ.
ഇന്നലെയുണ്ടായ ശക്തമായ തിരമാല അടിച്ചു കയറിയാണ് നാശം ഉണ്ടായത്. വേളി തീരത്തെ കടൽഭിത്തി അവസാനിക്കുന്നിടത്തെ വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്.
അശാസ്ത്രീയ നിർമ്മാണം മൂലം തീരത്തെ മണൽ കടലെടുത്തതാണ് ഇതിന് കാരണമായി മത്സ്യത്തൊഴിലാളികൾ പറയുന്നത്. വേളി തീരത്തിന് തെക്കുഭാഗത്തടിഞ്ഞ മണൽ തിരികെയെത്തിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും അവർ പറയുന്നു.
ഇറിഗേഷൻ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വീണ്ടും ശക്തമായ തിരമാലകളുയർന്നാൽ വീടുകൾ കടലെടുക്കുമെന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികൾ. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.