തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി 18 പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനം. 18 വയസ് പൂർത്തിയായവർക്ക് മുൻഗണനാ നിബന്ധനയില്ലാതെ തന്നെ കുത്തിവെപ്പ് നൽകാൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. 18 കഴിഞ്ഞവരിൽ രോഗബാധിതർക്കും മുൻഗണനയുള്ളവർക്കും മാത്രമാണ് നിലവിൽ വാക്സിൻ നൽകുന്നത്. ഇവർക്കുള്ള പ്രത്യേക പരിഗണന തുടരും.
18 വയസുമുതലുള്ളവർക്ക് വാക്സിനേഷനായി രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും രോഗബാധിതർക്കും മറ്റ് മുൻഗണനയുള്ളവർക്കും മാത്രമാണ് കുത്തിവെപ്പ് നൽകിയിരുന്നത്. എന്നാൽ ഇനി മുൻഗണനാ വ്യത്യാസമില്ലാതെ തന്നെ വാക്സിൻ ലഭിക്കും. 18 മുതലുള്ള എല്ലാവരെയും ഒരു ബ്ലോക്കായി നിശ്ചയിച്ച് കുത്തിവെപ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയത്തിലെമാർഗനിർദ്ദേശമനുസരിച്ചാണ് തീരുമാനം.
അതേസമയം 18-നും 45-നുമിടയിലുള്ളവരിൽ രോഗബാധിതർ, വിദേശത്ത് പോകുന്നവർ, പൊതുസമ്പർക്കം കൂടിയ വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങി 50-ലേറെ വിഭാഗങ്ങൾക്കുള്ള പ്രത്യേക മുൻഗണ തുടർന്നും ലഭിക്കും. ഇവർ സംസ്ഥാന സർക്കാറിന്റെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മറ്റുള്ളവർക്ക് കൊവിൻ പോർട്ടലിൽ തന്നെ സ്ലോട്ട് ബുക്ക് ചെയ്യാൻ ക്രമീകരണം നടത്തും.
18 മുതലുള്ളവർക്കായി കുടുതൽ വാക്സിനേഷൻ സെന്ററുകൾ തുടങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. എന്നാൽ കേന്ദ്രത്തിൽനിന്ന് തുടർച്ചയായി വാക്സിൻ ലഭിച്ചാൽ മാത്രമേ കാലതാമസമില്ലാതെ കൂടുതൽ പേർക്ക് വാക്സിൻ നൽകാനാകൂ.
Content Highlights:covid vaccination for 18 plus category