തിരുവനന്തപുരം: ട്രഷറിയേക്കാൾ ഉയർന്ന പലിശനൽകുന്നത് തുടരാൻ ഊരാളുങ്കൽ ലേബർ സഹകരണസംഘത്തിന് അനുമതി. സ്ഥിരനിക്ഷേപത്തിന് ഒരു ശതമാനം അധികം പലിശ നൽകാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ ടെണ്ടർ ഇല്ലാതെ ഒട്ടേറെ കരാറുകൾ നൽകിയ ഊരാളുങ്കൽ ലേബർ സഹകരണസംഘത്തിന് പ്രവർത്തനമൂലധനം കണ്ടെത്താനാണ് അധികപലിശ അനുവദിച്ചത്. ഇതോടെ ഉയർന്ന പലിശ നൽകുന്ന സർക്കാർ ട്രഷറിയേക്കാൾ പലിശ നൽകാൻ ഊരാളുങ്കലിനുള്ള അനുമതി തുടരും.
ട്രഷറിയിൽ നിലവിൽ സ്ഥിരനിക്ഷേപത്തിന് 7.5 ശതമാനമാണ് പലിശ. ഊരാളുങ്കലിൽ 8.5 ശതമാനം പലിശ നൽകാൻ കഴിഞ്ഞ വർഷം നൽകിയ ഉത്തരവ് നീട്ടിയാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. 8.5 ശതമാനമായ ട്രഷറി പലിശനിരക്ക് അടുത്തിടെ 7.5 ആയി കുറഞ്ഞപ്പോഴാണ് ഊരാളുങ്കലിന്റെ ആനുകൂല്യം നിലനിർത്തുന്നത്.
ഒരു ശതമാനം അധികപലിശ നൽകി നിക്ഷേപം സ്വീകരിക്കാൻ സർക്കാർ അനുവദിച്ചപ്പോൾ കഴിഞ്ഞവർഷം ഊരാളുങ്കലിന് ഉണ്ടായ നിക്ഷേപ വർധന 342.28 കോടി രൂപയാണ്. ഉത്തരവ് നീട്ടുന്നതോടെ ട്രഷറി നിക്ഷേപം കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.