ചെറായി: സങ്കടങ്ങളൊന്നും ആരോടും പറയില്ല ലാലിയും പ്രിയയും. പറയാൻ അവർക്ക് സംസാരശേഷിയില്ല. സംസാരശേഷി മാത്രമല്ല, കാഴ്ചയും കേൾവിയുമില്ലാത്ത നിരാലംബ സഹോദരിമാരാണിവർ – ലാലിയും പ്രിയയും.
പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡിൽ പോത്തൻവളവിനു പടിഞ്ഞാറ് കാതികുളത്ത് സഹോദരൻ ജയനൊപ്പമാണ് ഇരുവരും കഴിയുന്നത്.
അഞ്ച് സെന്റ് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിലാണ് ഈ വലിയ കുടുംബം. ലാലിക്ക് 50-ഉം പ്രിയയ്ക്ക് 52-ഉം വയസ്സായി.
അടച്ചുറപ്പുള്ളൊരു വീടുപോലുമില്ലാതെ കാര്യമായൊരു വരുമാനവുമില്ലാതെ സഹോദരിമാരെ ഓരോ ദിവസവും ജീവിതത്തിലൂടെ കടത്തിക്കൊണ്ടുപോവുകയാണ് ജയൻ. രണ്ടുപേർക്കും ഏതു കാര്യത്തിനും പരസഹായം വേണം. ജയനും ഭാര്യ രജുലയുമാണ് സഹോദരിമാർക്ക് എല്ലാ കാര്യത്തിനും തുണ. അതുകൊണ്ടുതന്നെ ജയന് വീട്ടിൽ നിന്നു വിട്ട് പണികൾക്കൊന്നും പോകാനാവില്ല. മത്സ്യത്തൊഴിലാളിയാണ് ജയൻ. മകൻ വിഷ്ണു ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാർഥിയാണ്. പ്രിയയ്ക്കും ലാലിക്കും കിട്ടുന്ന പെൻഷനാണ് ഒരാശ്വാസം.
അടച്ചുറപ്പുള്ളൊരു വീടില്ലാത്തതും പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുമൊക്കെ ഇവർക്ക് വലിയ പ്രശ്നങ്ങളാണ്. സുമനസ്സുകൾ സഹായിച്ച് കയറിക്കിടക്കാനൊരു വീടുണ്ടാക്കാനായെങ്കിൽ എന്ന ആഗ്രഹമാണ് ജയനും രജുലയും പങ്കുവെക്കുന്നത്.