കണ്ണൂർ > രാമനാട്ടുകര സ്വർണക്കടത്ത് വഴിതിരിച്ചുവിട്ട് സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കി ജനശ്രദ്ധ തിരിക്കാൻ മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ശ്രമം. തമ്മിലടിച്ച് തകരുന്ന കോൺഗ്രസും കുഴൽപ്പണക്കടത്തിൽ കുടുങ്ങിയ ബിജെപിയും അകപ്പെട്ട രൂക്ഷമായ പ്രതിസന്ധികളിൽനിന്ന് അവരെ കരകയറ്റാനുള്ള തന്ത്രമാണ് മാധ്യമങ്ങൾ പയറ്റുന്നത്. സ്വർണക്കടത്തുമായി ബന്ധമുള്ളവർക്കെതിരെ ശക്തമായ നിലപാടെടുത്തത് സിപിഐ എം മാത്രമാണ്. സംഘാംഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാൾക്കെതിരെപോലും നടപടിയെടുത്തു.
ക്വട്ടേഷൻസംഘത്തിൽപ്പെട്ട പലർക്കും കോൺഗ്രസ്, ബിജെപി, ലീഗ്, എസ്ഡിപിഐ തുടങ്ങിയ പാർടികളുമായി നേരിട്ട് ബന്ധമുണ്ട്. അവർക്കെതിരെയൊന്നും ഈ പാർടികൾ നടപടിയെടുത്തിട്ടില്ല. അതിനെക്കുറിച്ചൊന്നും മിണ്ടാതെയാണ് സിപിഐ എമ്മിന്റെ നേരെ വാളോങ്ങുന്നത്. ക്വട്ടേഷൻസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേർ സിപിഐ എം വളണ്ടിയർമാരായിരുന്നുവെന്നാണ് ഞായറാഴ്ചത്തെ മനോരമയുടെ പ്രധാന വാർത്ത. കസ്റ്റംസ് നോട്ടീസ് നൽകിയ അർജുൻ ആയങ്കിക്ക് സിപിഐ എമ്മുമായി ബന്ധമില്ല. വർഷങ്ങൾക്കുമുമ്പ് ഡിവൈഎഫ്ഐ അംഗത്വത്തിൽനിന്നും ഒഴിവാക്കി. ഇയാളുമായി ബന്ധംപുലർത്തിയെന്ന് സംശയിക്കുന്ന പ്രവർത്തകനെതിരെയും നടപടിയെടുത്തു. ഇത് വക്രീകരിച്ച് പാർടിയെ ഇകഴ്ത്താനാണ് ശ്രമം.
അപകടമരണം മാത്രമായി അവസാനിക്കുമായിരുന്ന സംഭവത്തിനുപിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവന്നത് കേരള പൊലീസിന്റെ സമർഥമായ ഇടപെടലാണ്. സിപിഐ എം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പഴുതടച്ച അന്വേഷണം സർക്കാരിന് നേട്ടമായാലോ എന്ന കുബുദ്ധിയിൽ, അത് മറച്ചുപിടിക്കാനാണ് മനോരമയുടെ തറവേല.
നിയമസഭാ തെരഞ്ഞെടുപ്പിലെ കുഴൽപ്പണ–കള്ളപ്പണ ഇടപാടും കോഴയും സൃഷ്ടിച്ച വിവാദങ്ങളിൽപ്പെട്ട് ബിജെപി ആടിയുലയുകയാണ്. പുതിയ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും വന്നതോടെ കോൺഗ്രസിലെ പ്രമുഖ ഗ്രൂപ്പുകൾ ഇടഞ്ഞു, പുനഃസംഘടന കീറാമുട്ടിയായി. ഇതിൽനിന്നെല്ലാം അവരെ രക്ഷിച്ചെടുക്കലാണ് മാധ്യമങ്ങളുടെ ലക്ഷ്യം.
ബിജെപിയുടെ കുഴൽപ്പണകവർച്ചയ്ക്കെതിരെ കോൺഗ്രസിൽനിന്ന് ആരും പ്രതികരിച്ചിട്ടില്ല. പോക്സോ കേസിൽപ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് എംഎൽഎയ്ക്കെതിരെ ബിജെപിയും മൗനം പാലിക്കുകയാണ്. അതിനിടെയാണ് ഇല്ലാക്കഥകളുടെപേരിൽ മാധ്യമപിന്തുണയോടെ സിപിഐ എമ്മിനെ വേട്ടയാടാൻ കൊൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി ശ്രമിക്കുന്നത്.
ക്വട്ടേഷൻ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ സമൂഹവിരുദ്ധരാണ്. സാമൂഹ്യതിന്മകളെ ഇല്ലാതാക്കി സമൂഹവിരുദ്ധരെ ഒറ്റപ്പെടുത്തലാണ് സിപിഐ എം നിലപാട്. ആ നിലപാടിനെ പിന്തുണയ്ക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.