തിരുവനന്തപുരം > കേരളത്തിൽ സ്ത്രീധനപീഡനം നേരിടുന്നത് ഭൂരിഭാഗവും മധ്യ– -ഉന്നത മധ്യവർഗ കുടുംബത്തിലുള്ളവർ. നിയമമുണ്ടായിട്ടും അക്രമം തടയാനാകാത്തത് സാമൂഹ്യ പിന്തുണയുടെ അഭാവമെന്നും പഠനങ്ങൾ. സ്വന്തമായി വരുമാനമില്ലാത്തതും പ്രശ്നം നേരിടാനുള്ള ധൈര്യക്കുറവുമാണ് പീഡനം സഹിക്കുന്നതിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്. സ്ത്രീകൾക്ക് തൊഴിലില്ലാതിരുന്നതിനാൽ മകളുടെ സുരക്ഷയ്ക്കും സുഖജീവിതത്തിനുമായിരുന്നു പണ്ട് സ്ത്രീധനം കൊടുത്തിരുന്നത്. പിന്നീടിത് പുരുഷന്മാരുടെ അവകാശമായി. സാമൂഹ്യ പദവിയുടെ അളവുകോലായും ഇത് രൂപാന്തരപ്പെട്ടു. തെക്കൻ കേരളത്തിലാണ് ഇത് കൂടുതൽ. പത്തുവർഷത്തിനിടെ ഇരുനൂറോളം സ്ത്രീധന മരണങ്ങളുണ്ടായി.
വിദ്യാഭ്യാസമുണ്ട്, പ്രാപ്തിയില്ല !
വിദ്യാഭ്യാസമുണ്ടെങ്കിലും ഗാർഹിക പ്രശ്നങ്ങളെ നേരിടാൻ പലരും പ്രാപ്തരല്ല എന്നതാണ് സ്ത്രീധന–-ഗാർഹിക പീഡനങ്ങളുടെ പേരിലുള്ള ആത്മഹത്യയുടെ പൊതുകാരണം. സ്കൂൾതലത്തിൽത്തന്നെ പ്രശ്നത്തിന്റെ ഗൗരവം കുട്ടികളെ പഠിപ്പിക്കണമെന്ന നിർദേശവുമുണ്ട്. ഭർത്താവിന്റെ വരുമാനത്തെമാത്രം ആശ്രയിക്കേണ്ടി വരുന്നത് പലപ്പോഴും സ്ത്രീകളെ നിശ്ശബ്ദരാക്കുന്നുവെന്ന് കേന്ദ്ര വനിതാ ശിശുവികസനവകുപ്പും രാജഗിരി കോളേജും ചേർന്ന് കേരളത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. ലോക്ഡൗൺ സമയത്ത് കേരളത്തിൽ നടത്തിയ സർവേയിലും സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതായി കണ്ടെത്തിയിരുന്നു.
പീഡനത്തിനെന്ത് കോവിഡ് !
ഗാർഹികാതിക്രമങ്ങളിൽ വയനാടും ഒട്ടും പിന്നിലല്ല. കോവിഡ് കാലമായിട്ടും പീഡനങ്ങൾ കുറഞ്ഞില്ല. 2020 ഏപ്രിൽ മുതൽ 2021 മെയ് വരെ ജില്ലയിൽ 2365 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എ നിസ്സ പറഞ്ഞു.
തോൽക്കാൻ മനസ്സില്ല, ഈ പൂമ്പാറ്റയ്ക്ക്
പി ഒ ഷീജ
കൽപ്പറ്റ > ക്യാമ്പസിലാകെ പൂമ്പാറ്റയെപോലെ പാറിനടന്നവൾ, നിർധനരെങ്കിലും പഠിപ്പിക്കാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. പഠിച്ച് ജോലി നേടണമെന്ന് അവൾ ലക്ഷ്യമിട്ടു. അതിനിടെ കാണാനഴകുള്ള അവളെത്തേടി ഒരു യുവവ്യാപാരിയെത്തി. വീട്ടുകാർ ഒഴിയാൻ പരമാവധി ശ്രമിച്ചു. പക്ഷേ വരന്റെ വീട്ടുകാർക്ക് പെണ്ണിനെ മതി. തുടർന്ന് പഠിപ്പിക്കാമെന്നും പറഞ്ഞതോടെ അവളുടെ കഴുത്തിൽ ‘കുരുക്ക്’ വീണു. സമ്പന്ന ഭവനത്തിലേക്ക് പോകുന്നവൾക്ക് കൂലിപ്പണിയിലെ സമ്പാദ്യവും കടംവാങ്ങിയതുംചേർത്ത് 40 പവൻ സ്വർണം നൽകി. മണിയറ ഒരുക്കാൻ 75,000 രൂപയും വീട്ടുപകരണങ്ങൾ വേറെയും.
വിവാഹം കഴിഞ്ഞതോടെ ഭർതൃവീട്ടുകാരുടെ ഭാവംമാറി. പഠിക്കാനയക്കാതെ വീട്ടിലിട്ടു. സ്ത്രീധനം കുറഞ്ഞതിലെ അവഹേളനം, മദ്യപാനിയായ ഭർത്താവ്, അയാളുടെ ഉപദ്രവം, വീട്ടുകാരെയോർത്ത് അവളെല്ലാം നിശ്ശബ്ദം സഹിച്ചു. അതിനിടെ ഒരു കുഞ്ഞുമുണ്ടായി. ഭർതൃസഹോദരനും ദേഹോപദ്രവം തുടങ്ങിയതോടെ ജീവിതം നരകതുല്യമായി. ഒടുവിൽ അവൾ ജില്ലാ വനിതാസംരക്ഷണ ഓഫീസറെ സമീപിച്ചു. ഭർതൃഗൃഹത്തിൽനിന്ന് താമസം മാറിയെങ്കിലും ഭർത്താവിന്റെ പീഡനം തുടർന്നു. ഇതോടെ കേസ് കോടതിയിലെത്തി. അയാളിൽനിന്നൊഴിഞ്ഞ് അവളിപ്പോൾ സ്വന്തം വീട്ടിലാണ് സന്തോഷത്തോടെ. പാതിവഴിയിൽനിലച്ച പഠനവും പുനഃരാരംഭിച്ചു.