ആലപ്പുഴ > പൊതുപ്രവർത്തനത്തിൽ സമൂഹം അംഗീകരിക്കാത്ത ഒരു രീതിയും പാർടി അനുവദിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. പാർടിക്ക് അഞ്ച് ലക്ഷത്തിലധികം അംഗങ്ങളുണ്ട്.
ഒരുകോടിയോളം വരുന്ന വർഗ-ബഹുജന സംഘടന പ്രവർത്തകരും. ഇതിൽ ആരെങ്കിലും തെറ്റായരീതിയിൽ പ്രവർത്തിച്ചാൽ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല പാർടിക്ക്. രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സിപിഐ എമ്മിന് നേരിട്ട് ബന്ധമുള്ള ആരുമില്ല. ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ട് ആക്ഷേപം ഉന്നയിച്ചപ്പോൾ തന്നെ പരസ്യമായി തള്ളിപറഞ്ഞു. പിശകുപറ്റിയവരെ ആ സംഘടനയിൽനിന്ന് മാറ്റിനിർത്തി. വ്യക്തിപരമായി സംഭവിക്കുന്ന പിശകുകളെ പാർടി സംരക്ഷിക്കില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. ഈവിഷയത്തിലും അതേ നിലപാടാണ് സ്വീകരിച്ചത്. പാർടി പ്രവർത്തകർക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണ്. സൈബർ ഇടങ്ങളിൽ ഇടപെടുമ്പോൾ പാലിക്കേണ്ട മാന്യതയെയും അച്ചടക്കത്തെക്കുറിച്ചും കേന്ദ്രകമ്മിറ്റി തന്നെ കൃത്യമായ മാർഗ നിർദേശം നൽകിയിട്ടുണ്ട്.
സ്ത്രീപക്ഷ കേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതൽ ഏഴുവരെ ഗൃഹസന്ദർശനം, ആശയവിനിമയം, ബഹുജനങ്ങളിൽനിന്ന് അഭിപ്രായശേഖരണം, ആശയപ്രചാരണം തുടങ്ങിയവ സംഘടിപ്പിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.