തിരുവനന്തപുരം > കൊറോണ വൈറസിന് ഇരട്ട ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഡെൽറ്റ പ്ലസ് വാക്സിൻ സ്വീകരിച്ചവരെയും ബാധിക്കാം. വാക്സിന്റെ പ്രതിരോധശേഷിയെ മറികടക്കാൻ (ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ) ഈ വൈറസിന് സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. എന്നാൽ, ഡെൽറ്റ പ്ലസ് മൂന്നാം തരംഗത്തിന് കാരണമാകില്ലെന്ന് കോവിഡ് വിദഗ്ധസമിതി അധ്യക്ഷൻ ഡോ. ബി ഇക്ബാൽ പറഞ്ഞു.
അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്ലസ് വൈറസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ട് ഒരാഴ്ചയായി. പത്തനംതിട്ട, പാലക്കാട് ജില്ലയിൽ മാത്രമാണ് സ്ഥിരീകരിച്ചത്. പാലക്കാട് പറളി, പിരായി, കണ്ണാടി പഞ്ചായത്തിൽ ഡെൽറ്റ പ്ലസ് കണ്ടെത്തിയിരുന്നു. പത്തനംതിട്ട ജില്ലയിൽ കടപ്ര പഞ്ചായത്തിലാണ് ആദ്യമായി ഈ വകഭേദം കണ്ടെത്തിയത്. നാല് പേരിലാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്. ഡൽഹി സിഎസ്ഐആറിലാണ് സ്രവം പരിശോധിക്കുന്നത്.
ലോകാരോഗ്യസംഘടന ഗുരുതര വിഭാഗത്തിലാണ് വൈറസിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. തീവ്രവ്യാപന ശേഷിയുള്ളതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ജാഗ്രതയിലാണ് സംസ്ഥാനം. ഡെൽറ്റ പ്ലസ് കണ്ടെത്തുന്ന പഞ്ചായത്തുകളിൽ മുപ്പൂട്ട് നടപ്പാക്കിയാണ് പ്രതിരോധം ഉറപ്പാക്കുന്നത്.