ചവറ > നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ മരം കയറ്റിവന്ന മിനിലോറിയിടിച്ചു തടിക്കച്ചവടക്കാരൻ മരിച്ചു. ആലപ്പുഴ മുഹമ്മ കായിപ്പുറം മഠത്തിവെളി ഗോപാലകൃഷ്ണൻ (66)ആണ് മരിച്ചത്. നിസ്സാര പരുക്കുകളോടെ ഡ്രൈവർ രാജു രക്ഷപ്പെട്ടു. ദേശീയപാതയിൽ ഞായറാഴ്ച പുലർച്ചെ നാലിന് ശങ്കരമംഗലം എസ്ബിഐ ബ്രാഞ്ചിന് സമീപമാണ് അപകടമുണ്ടായത്.
തടിക്കച്ചവടക്കാരനായ ഗോപാലകൃഷ്ണൻ മുഹമ്മയിൽ നിന്ന് ലോറിയിൽ തടിയുമായി കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. പാലക്കാട്ടുനിന്ന് കമ്പിയുമായി കൊല്ലത്തേക്ക് പോയ ലോറി ദേശീയപാതയിൽ റോഡിലേക്ക് കയറ്റി നിർത്തിയിട്ടിരിക്കുകയായിരുന്നു. എതിരെ വന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചതോടെ മിനിലോറി ഡ്രൈവർ രാജു വണ്ടി വെട്ടിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഗോപാലകൃഷ്ണൻ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. മിനിലോറിയുടെ മുൻവശം പൂർണമായി തകർന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു.
ചവറ ഫയർഫോയ്സ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഒന്നരമണിക്കൂര് നീണ്ട ശ്രമത്തിനൊടുവിലാണ് ലോറിയിൽ നിന്ന് ഗോപാലകൃഷ്ണനെ പുറത്തെടുത്തത്. താലൂക്കാശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചു. ചവറ പൊലീസ് ദേശീയപാതയിലെ ഗതാഗത തടസ്സം ഒഴിവാക്കി. ഗോപാലകൃഷ്ണന്റെ ഭാര്യ: ബേബി. മക്കൾ: സുജിത്, സുനിൽ. മരുമക്കൾ: മായ, അശ്വതി.