ന്യൂഡൽഹി > 2019 ജനുവരി എട്ട്, ഒമ്പത് തീയതികളിൽ നടന്ന ദേശീയ പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്ത് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
ഡയസ്നോൺ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ഓഫീസിൽ എത്താൻ കഴിയാതിരുന്ന ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിയാണോയെന്ന് പരിശോധിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ പാലിച്ച് ജീവനക്കാർക്ക് അനുവദിച്ച അവധികൾ റദ്ദാക്കാനോ മാറ്റംവരുത്താനോ സർക്കാരിനോട് നിർദേശിച്ച കോടതിനടപടിയിൽ പിശകുണ്ടോയെന്ന് പരിശോധിക്കണം.
അടിയന്തരസാഹചര്യങ്ങളിൽ അവധി അനുവദിക്കാനുള്ള അധികാരം സർക്കാർ നയത്തിന്റെ ഭാഗമാണ്. ഈ സാഹചര്യത്തിൽ അതിന് എതിരായ ഹർജി അനുവദിച്ച ഹൈക്കോടതി നടപടി ന്യായീകരിക്കാവുന്നതോ എന്ന് വിലയിരുത്തണമെന്ന ആവശ്യവും സർക്കാർ ഹർജിയിൽ ഉന്നയിച്ചു.














